Malayalam
ഇനിയൊരിക്കലും ആ വീട്ടിലേക്ക് തിരിച്ചുപോകില്ല, പഴയ അവസ്ഥയില്‍ നിന്നുള്ള വലിയൊരു മോചനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ബീന കുമ്പളങ്ങി
ഇനിയൊരിക്കലും ആ വീട്ടിലേക്ക് തിരിച്ചുപോകില്ല, പഴയ അവസ്ഥയില്‍ നിന്നുള്ള വലിയൊരു മോചനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ബീന കുമ്പളങ്ങി
ചെറിയ വേഷങ്ങളിലൂടെ അഭിനയ മികവുകാട്ടി, പ്രതിഭധനനായ പത്മരാജന്റെ ‘കള്ളന്‍ പവിത്രന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ബീന കുമ്പളങ്ങി. കല്യാണരാമനിലെ ഭവാനി എന്ന ചെറിയ കഥാപാത്രം മാത്രം മതി ബീനയെ ഇപ്പോഴത്തെ തലമുറ ഓര്‍ത്തിരിക്കാന്‍. 80കളിലെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്നെങ്കിലും പിന്നീട് സഹതാരത്തിന്റെ റോളുകളിലേക്ക് ബീന മാറ്റിയെഴുതപ്പെടുകയായിരുന്നു.
പിന്നീട് നിരവധി ക്ലാസിക് സിനിമകളുടെ ശ്രദ്ധേയമായ മുഖമായി മാറുവാന്‍ ബീനാ കുമ്പളങ്ങിയ്ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും താരത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു.
നേരത്തെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും, സഹോദരിയും കുടുംബവും വീട്ട് തട്ടിയെടുത്തു എന്നത് അടക്കം വലിയ വെളിപ്പെടുത്തലും നടി നടത്തിയിരുന്നു. ഇപ്പോള്‍ സീമ ജി നായരുടെ മേല്‍നോട്ടത്തിലുള്ള അനാഥാലയത്തിലാണ് ബീന കുമ്പളങ്ങി കഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പുള്ള ദുരിത ജീവിതത്തില്‍ നിന്ന് കരകയറിയതിന്റെ സന്തോഷത്തിലാണ് ബീന. അനാഥാലയത്തിലെ ജീവിതത്തെ കുറിച്ച് ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നടി.
പഴയ അവസ്ഥയില്‍ നിന്നുള്ള വലിയൊരു മോചനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ബീന പറയുന്നു. ദു:ഖവും ദേഷ്യവുമൊക്കെ ആയിട്ടാണ് ഞാന്‍ അനാഥ മന്ദിരത്തിലെത്തിയത്. അതുകൊണ്ട് അനുഭവിച്ച ദുരിതത്തെ കുറിച്ച് എല്ലാവരോടും പറഞ്ഞിരുന്നു. ഇപ്പോള്‍ സങ്കടങ്ങളെല്ലാം മാറി. നമ്മുടെ കൂട്ടത്തില്‍ തന്നെ ദുരിതത്തില്‍ ഉള്ള അച്ഛന്‍മാര്‍ ഉണ്ട്. അവരുടെ ദുരിതങ്ങള്‍ കേട്ടാല്‍ ഞാന്‍ അവിടെയിരുന്ന് കരഞ്ഞ് പോകും.
നാളെ എന്താണ് എനിക്ക് സംഭവിക്കുക എന്ന് മുമ്പ് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. ദൈവം പക്ഷേ എന്നെ നല്ലയിടത്ത് തന്നെ എത്തിച്ചു. ഇനിയൊരിക്കലും ആ പഴയ വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ബീന കുമ്പളങ്ങി. വീട്ടിലേക്ക് തിരിച്ചുവരാന്‍ പാടില്ലെന്ന് പറയരുതെന്ന് ഇളയ അനിയത്തി പറയുമായിരുന്നു. സമയം എന്ന ഒന്നുണ്ടല്ലോ? എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ദൈവം തീരുമാനിക്കട്ടെ.
ദൈവം നിശ്ചയിക്കുന്നത് എന്താണോ അതുപ്രകാരം തീരുമാനിക്കും. എന്നെ ഈ അനാഥ മന്ദിരത്തിലെത്തിച്ചതും ദൈവമാണ്. ഇത്രയും ദൂരത്ത് ഞാന്‍ വരുമെന്ന് പോലും കരുതിയിരുന്നില്ല. ആ മുറിയില്‍ തന്നെ വീണ് മരിച്ചുപോവുമായിരുന്നു. ദൈവവും, മറ്റുള്ളവരുടെ പ്രാര്‍ത്ഥനകളുമാണ് എന്നെ ഇവിടെയെത്തിച്ചത്. പുതിയ സിനിമകള്‍ക്കായി ഞാന്‍ ചാന്‍സ് ചോദിച്ച് പോകാറില്ല. പണ്ടും അങ്ങനെ തന്നെയാണ്. കാരണം നമ്മള്‍ ഒരു പ്രത്യേക ക്യാരക്ടറാണല്ലോ ചെയ്യന്നത്. അന്നൊക്കെ അത്തരം ക്യാരക്ടറുണ്ടായിരുന്നു. അതിനനുസരിച്ച് അവര്‍ വിളിക്കാറുമുണ്ടായിരുന്നുവെന്ന് ബീന പറയുന്നു.
ഇപ്പോള്‍ സിനിമ മേഖലയിലുള്ള ആളുകളെ എനിക്ക് അറിയില്ല. ആരെങ്കിലും സിനിമയില്‍ വിളിച്ചാല്‍ ചെയ്യും. സൗഹൃദമൊക്കെയുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള ബന്ധം ആരുമായിട്ടും ഇല്ല. അമ്മയുടെ യോഗത്തിന് പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ചോദിക്കും. അല്ലാതെ കൂടുതലായൊന്നും ചോദിക്കാറില്ലെന്നും ബീന പറഞ്ഞു. സിനിമ സംഘടനകളൊന്നും എന്നെ വിളിച്ചിട്ടില്ല.
ഇവിടെ റേഞ്ചിന്റെ പ്രശ്‌നമുള്ളത് കൊണ്ട് പലര്‍ക്കും വിളിച്ചാല്‍ കിട്ടി കാണില്ല. ഏഴാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപിക അടക്കം വിളിച്ചിരുന്നു. ഡാന്‍സ് പഠിപ്പിച്ച ടീച്ചറായിരുന്നു അത്. ഒരു സുഹൃത്ത് എന്നെ വിളിച്ചിട്ട് ഒരുപാട് കരഞ്ഞു. എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിരുന്നു. ഇടവേള ബാബുവിനെ ഞാന്‍ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഈ വഴി പോകുമ്പോള്‍ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങളൊക്കെ അവര്‍ ചോദിച്ചറിഞ്ഞിരുന്നു. സീമയെ അവര്‍ വിളിച്ചിരുന്നുവോ എന്നറിയില്ലെന്നും ബീന പറഞ്ഞു.
‘മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു. പക്ഷെ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ’ എന്ന് ബീന കുമ്പളങ്ങി പറഞ്ഞിരുന്നു.
