Movies
ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നു, ആ വിറയൽ ഇപ്പോഴുമുണ്ട്; മോൺസ്റ്റർ വിജയത്തിൽ ഹണി റോസ് പറഞ്ഞത് കേട്ടോ
ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നു, ആ വിറയൽ ഇപ്പോഴുമുണ്ട്; മോൺസ്റ്റർ വിജയത്തിൽ ഹണി റോസ് പറഞ്ഞത് കേട്ടോ
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വലിയ വിജയം നേടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. കരിയറിൽ ചെയ്ത ഏറ്റവും വലിയ കഥാപാത്രവും മോൺസ്റ്ററിലെ ഭാമിനിയാണെന്നും ചിത്രം പ്രേക്ഷകർക്കൊപ്പം കണ്ട ശേഷം ഹണി റോസ് പറഞ്ഞു.
‘‘എന്റെ തന്നെ സിനിമ ഞാൻ തിയറ്ററിൽ എത്തി കാണുന്നത് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ്. ഇത്രയും വലിയൊരു കഥാപാത്രത്തെ വലിയൊരു ടീമിനൊപ്പം ചേർന്ന് അഭിനയിക്കാൻ സാധിച്ചതിലും ഏറെ സന്തോഷം. ചിത്രം കണ്ടിറങ്ങിയിട്ടും ആ വിറയൽ ഇപ്പോഴുമുണ്ട്. ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായത്.
ഞാൻ കരിയറിൽ ചെയ്ത വലിയ കഥാപാത്രവും സിനിമയുമാണ്. ദൈവം തന്ന അനുഗ്രഹമാണ് ഈ കഥാപാത്രം. മോഹൻലാലിനോടൊപ്പം ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പെയ്സ് കിട്ടിയ കഥാപാത്രം മോൺസ്റ്ററിലാണ്. നന്ദി പറയാനുള്ളത് മോഹൻലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടുമാണ്. ഏറെ വ്യത്യസ്തമായ ചിത്രമാണ്. ഏവർക്കും ചിത്രം ഇഷ്ടപ്പെടും.
കഥ കേട്ടപ്പോൾ യാതൊരു വിധ ടെൻഷനും ഇല്ലായിരുന്നു. എന്നിലെ ആത്മവിശ്വാസം കണ്ടാണ് വൈശാഖേട്ടൻ ഈ കഥാപാത്രത്തെ എന്നിലേൽപ്പിച്ചത്.’’–ഹണി റോസ് പറഞ്ഞു.
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം. കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു.
