ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും മുകളിലാണ് റേച്ചല്‍: ഹണി റോസ്
ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആണ് .ഹണി റോസ് നായികയാവുന്ന ‘റേച്ചല്‍’ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇറച്ചി വെട്ടുകാരിയായി ഗംഭീര മേക്കോവറിലാണ് ഹണി റോസ് എത്തിയിരിക്കുന്നത്.
എബ്രിഡ് ഷൈന്‍ സഹതിരക്കഥാകൃത്തും നിര്‍മ്മാതാവുമാകുന്ന ചിത്രം നവാഗതയായ അനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്.റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡ് ഷൈനിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചല്‍ എന്നാണ് ഹണി റോസ് പറയുന്നത്. ”റേച്ചലായി എന്നെ കണ്ടത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരാന്‍ ഈ സിനിമയാണ് ഏറ്റവും മികച്ചത്.”
”മോണ്‍സ്റ്റര്‍, കുമ്പസാരം, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളില്‍ എനിക്ക് അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ റേച്ചല്‍ ഇതിനെല്ലാം മുകളിലാണ്. പ്രേക്ഷകര്‍ ഇതുപോലൊരു കഥയും കഥാപാത്രത്തെയും അനുഭവിക്കുന്നത് ആദ്യമായിരിക്കും.”ഞാന്‍ ചെയ്താല്‍ റേച്ചല്‍ നന്നാകും എന്ന തോന്നല്‍ എനിക്കുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യ ഞാനാണെന്നാണ് കഥ കേട്ടപ്പോള്‍ തോന്നിയത്.
എബ്രിഡ് ഷൈനിന്റെ സിനിമകളെല്ലാം യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്ക്കുന്നവയാണ്. ”പൊലീസ് സ്റ്റേഷനെ മുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്തതു പോലെ ആക്ഷന്‍ ഹീറോ ബിജുവില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. റേച്ചലിനും ഇതേ പ്രത്യേകതയുണ്ട്. പച്ചയായ മനുഷ്യരാണ് അതിലെ കഥാപാത്രങ്ങളെല്ലാം. എന്നോട് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായിരുന്നു.”
”അദ്ദേഹത്തിന്റെ ഒരു പരീക്ഷണ സിനിമയാണ് റേച്ചല്‍ എന്നാണ് എനിക്ക് മനസിലായത്” എന്നാണ് ഹണി റോസ് ഇ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ഒരു ത്രില്ലര്‍ ചിത്രമാകും റേച്ചല്‍ എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.
