Malayalam
ഹേമാ കമ്മിറ്റി ഡബ്ല്യൂസിസിയെ മാത്രം വിളിച്ചു, എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഒഴിവാക്കിയത്?; ഹേമാ കമ്മിറ്റിക്കെതിരെ ഫെഫ്ക
ഹേമാ കമ്മിറ്റി ഡബ്ല്യൂസിസിയെ മാത്രം വിളിച്ചു, എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഒഴിവാക്കിയത്?; ഹേമാ കമ്മിറ്റിക്കെതിരെ ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഹേമാ കമ്മിറ്റിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി ഉണ്ണികൃഷ്ണൻ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ഗ്രൂപ്പിൽ ആരൊക്കെയാണ് എന്നുള്ളത് നിയമപരമായി പുറത്തുവരണം.
ഓഡിഷൻ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ കാസ്റ്റിങ് കാൾ എന്നൊരു പ്രശ്നമില്ല. ലൈം ഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചു. ബൈലോയിൽ ഭേദഗതി വരുത്തി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയർത്തണമെന്നാണ് ഫെഫ്ക തീരുമാനം എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം വന്നിരുന്നു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഈ വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു.
ഓഡിയോ ക്ലിപ് അടക്കം ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അതിന് ശേഷമേ മുദ്ര വച്ച കവർ ഞങ്ങൾ തുറക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ആദ്യം നടപടിയെടുക്കേണ്ടത് സർക്കാരായിരുന്നു. എന്തുകൊണ്ട് ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും കോടതി ചോദിച്ചു. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ?
ഹേമ കമ്മറ്റിയെ നിയോഗിച്ചത് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും കോടതി അറിയിച്ചു. തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദേശമുണ്ട്. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണം. മാധ്യമ വിചാരണ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് ആയിരുന്നു സർക്കാരിന് കൈമാറിയത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
