അവസാനത്തെ ചില മണിക്കൂറുകള്‍ എല്ലാം പാളിപ്പോയി; ആ സര്‍പ്രൈസ് പൊളിഞ്ഞു;നടി ഗൗരി കൃഷ്ണൻ പറയുന്നു
പൗര്‍ണമിത്തിങ്കളായെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ സീരിയൽ താരമാണ് ഗൗരി കൃഷ്ണ. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയെ സ്നേഹിക്കുന്നവരുടെ എണ്ണം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയിലെ സാന്നിധ്യമാണ് ഗൗരിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. യൂട്യൂബ് ചാനലിലൂടെയൊക്കെയായി തന്റെ വിശേഷങ്ങൾ ഗൗരി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം സീരിയലിൽ നിന്നെല്ലാം മാറിനിൽക്കുന്ന ഗൗരി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് യൂട്യൂബ് വീഡിയോകളിലൂടെയാണ്.
പൗർണമിത്തിങ്കൾ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടിനെയാണ് ഗൗരി വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം മാർച്ച് നവംബർ 24 ന് ആയിരുന്നു നടിയുടെ വിവാഹം. സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിവാഹം കൂടിയായിരുന്നു ഇത്. കല്യാണത്തിന് ശേഷം തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഗൗരി യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന് ഒരു പിറന്നാള്‍ സര്‍പ്രൈസ് നല്കിയതും അത് പാളിപ്പോയതിനെ കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ഗൗരി.
ഒരു കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് ഗൗരി മനോജിന് പിറന്നാൾ സര്‍പ്രൈസ് നല്‍കാനുള്ള ഒരുക്കങ്ങൾ നടത്തിയത്. രണ്ട് രണ്ടരയാഴ്ചകളോളം നീണ്ടും നിന്ന സീരിയസ് ചര്‍ച്ചകളും പ്ലാനിങും ഒക്കെയായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ അത് വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. സര്‍പ്രൈസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മനോജ് എല്ലാം തിരിച്ചറിഞ്ഞെന്ന് ഗൗരി പറയുന്നു.
മനോജിനോട് പറയാതെ ഗൗരി കോവളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരത്ത് ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മനോജ്. നാളെ രാവിലെ താൻ തിരുവനന്തപുരത്ത് എത്താം എന്നാണ് മനോജിനോട് ഗൗരി പറഞ്ഞിരുന്നത്. നേരെ പോയത്, എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത സുഹൃത്ത് വിശാഖിന്റെ വീട്ടിലേക്കാണ്. വിശാഖിനും ഭാര്യയ്ക്കുമൊപ്പമായിരുന്നു ഗൗരിയുടെ പ്ലാനിങുകള്‍ മുഴുവന്‍.
പ്ലാന്‍ ചെയ്തതു പ്രകാരം റിസോര്‍ട്ടില്‍ മനോജിനെ എത്തിക്കാമെന്ന് ഏറ്റത് മറ്റൊരു സുഹൃത്തായ കാര്‍ത്തിക്കാണ്.
അങ്ങനെ വൈകുന്നേരത്തോടെ ഓഡര്‍ ചെയ്ത കേക്കും, അലങ്കരിക്കാനുള്ള സാധനങ്ങളുമായി ഗൗരിയും സംഘവും ബുക്ക് ചെയ്ത റിസോര്‍ട്ടില്‍ എത്തി. എല്ലാം ഗംഭീരമായി ഡെക്രേറ്റ് ചെയ്തു. അപ്പോഴും പൊളിയാന്‍ സാധ്യതയുണ്ട്, ക്ലൈമാക്സ് എന്താവും എന്നറിയില്ല, മിക്കവാറും കണ്ടു പിടിച്ചേക്കാം എന്നൊക്കെ ഗൗരി പറയുന്നുണ്ടായിരുന്നു. പക്ഷേ ഫോണില്‍ വിളിക്കുമ്പോള്‍ മനോജിന്റെ സംസാരത്തിലൊന്നും സംശയമുള്ളതായി ഗൗരിയ്ക്ക് തോന്നിയില്ല
എല്ലാം പെര്‍ഫക്ട് ആയി പോയി, എന്നാല്‍ അവസാനത്തെ ചില മണിക്കൂറുകള്‍ എല്ലാം പാളിപ്പോയി. റിസോര്‍ട്ടില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍പ്രൈസ് പൊളിഞ്ഞു. ഗൗരിയുടെ അമ്മയെയും അച്ഛനെയും വിളിച്ചപ്പോഴുള്ള പമ്മലും പരുങ്ങലും കണ്ടപ്പോള്‍ തന്നെ മനോജിന് കാര്യം പിടികിട്ടി. കൂട്ടിക്കൊണ്ടുവരാന്‍ പോയ സുഹൃത്തിന്റെ ഓവര്‍ ആക്ടിങ് കൂടെയായപ്പോള്‍ പൂര്‍ണം. എല്ലാം അറിഞ്ഞുകൊണ്ടാണ് മനോജ് റിസോര്‍ട്ടിലേക്ക് എത്തിയത്. അതുകൊണ്ട് ഗൗരി ഹാപ്പി ബേര്‍ത്ത് ഡേ എന്ന് പറഞ്ഞ് മുന്നിലെത്തിയപ്പോൾ മനോജിന് ഒരു ഞെട്ടലും ഉണ്ടായില്ല.
എന്റെ ഒരു സന്തോഷത്തിന് വേണ്ടിയെങ്കിലും നിങ്ങള്‍ക്കൊന്ന് ഞെട്ടിക്കൂടായിരുന്നോ എന്നായിരുന്നു മനോജിനോട് ഗൗരിയുടെ ചോദ്യം. സര്‍പ്രൈസ് പൊളിഞ്ഞുവെങ്കിലും എല്ലാവരും ചേർന്ന് ബേര്‍ത്ത് ഡേ ആഘോഷം രസകരമായി നടത്തി. ഭാര്യ എടുത്ത എഫേര്ട്ടിലും മനോജ് സംതൃപ്തനായിരുന്നു. ഈ വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാണ്. നിരവധിപേരാണ് ഇരുവരെയും പ്രശംസിച്ച് കമന്റുകളുമായി എത്തുന്നത്.
