Malayalam
എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്
എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി.
അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോള്‍ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താന്‍ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ട്രോളുകള്‍ സ്വയം തിരുത്താന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കാര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അല്‍പം കണ്‍ട്രോള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയണമെന്നില്ല. അതേസമയം പറയുന്ന കാര്യങ്ങള്‍ ജെനുവിന്‍ ആകണമെന്നും അതിലൊരു സന്തുലനം പാലിക്കണമെന്നും കരുതുന്നുവെന്നും നടി പറഞ്ഞു.
‘ട്രോളുകള്‍ കേള്‍ക്കുമ്പോള്‍ വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ട്രോള്‍ ചെയ്തിട്ടെങ്കിലും ഈ കുട്ടി നന്നാകട്ടെ എന്ന തോന്നലായിരിക്കും ആളുകള്‍ക്ക്. എന്തായാലും ട്രോളന്‍മാര്‍ക്ക് നന്ദി. കാരണം ആ ട്രോളുകള്‍ ആണ് എന്നെ പാകപ്പെടുത്തിയത്. ആദ്യമൊക്കെ ട്രോള്‍ ചെയ്യുമ്പോള്‍ വലിയ വിഷമമായിരുന്നു. നമ്മള്‍ വലിയ എന്തോ സംഭവമാണെന്ന് കരുതി ഇരിക്കുമ്പോള്‍ അതല്ലെന്ന് ആളുകള്‍ പറയുന്നു. അങ്ങനെ കാണിച്ച് തരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ലല്ലോ.ഇപ്പോള്‍ അങ്ങനെ അല്ല, അത്തരം ട്രോളുകള്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നോക്കും’, എന്നും നടി പറഞ്ഞു.
അഭിമുഖത്തിനിടയില്‍ നടി മാനസ രാധാകൃഷ്ണന്റെ ചോദ്യങ്ങള്‍ക്കും ഗായത്രി മറുപടി നല്‍കി. മുന്‍പ് ഒരു സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോള്‍ ഗായത്രിയുടെ ഫോണിന്റെ വാള്‍ പേപ്പര്‍ ഗായത്രിയും പ്രണവുമായിരുന്നുവെന്നും ഇടയ്ക്കിടെ അത് ഗായത്രി നോക്കാറുണ്ടെന്നും മാനസ പറഞ്ഞു. ഇപ്പോഴും അത് തന്നെയാണോ ഗായത്രിയുടെ വാള്‍ പേപ്പറെന്നും മാനസ ചോദിച്ചു. അതിന് ഗായത്രിയുടെ മറുപടി ഇങ്ങനെ
‘ഒരിക്കലും അല്ല.പ്രണവിനെ ആസ് ഏന്‍ എലിജെബിള്‍ ബാച്ചിലര്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ വളരെ സിനിമാറ്റിക് ആന്റ് ഡ്രമാറ്റിക് ആയി പെരുമാറുന്ന ആളാണ്. ഒരു അഭിമുഖത്തില്‍ ഞാന്‍ പ്രണവിനെ കുറിച്ച് പറഞ്ഞു. പ്രണവിനോട് എനിക്ക് ക്രഷ് ആണെന്ന് പറയുന്നതിന് പകരം എന്റെ മനസില്‍ ഒരാളെ ഉള്ളൂ പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറഞ്ഞു. അത് വലിയ ട്രോളായി.
തുടര്‍ന്ന് വന്ന അഭിമുഖങ്ങളിലെല്ലാം എന്നോട് പ്രണവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായി ഇതിനെ കുറിച്ച് ഞാന്‍ തുടര്‍ന്നും മറുപടി നല്‍കിക്കോണ്ടിരുന്നു. എന്നാല്‍ പിന്നീടാണ് തിരിച്ചറിവുണ്ടായത്.ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു, പ്രണവ് പ്രണവിന്റേയും. എനിക്ക് ഇപ്പോഴും പ്രണവിനോട് സ്‌നേഹമാണ്.വ്യക്തി നിലയില്‍ ആരാധനയുണ്ട്. പ്രണവിനെ ഒരു തവണ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ’ എന്നും ഗായത്രി പറഞ്ഞു.
വലിയ താരങ്ങളുടെ ഒപ്പം സംവിധായകരുടെ ഒപ്പം വര്‍ക്ക് ചെയ്യണം, എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്. ആഗ്രഹങ്ങള്‍ വെട്ടിപിടിക്കല്‍ ആവരുത്, ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ എനിക്ക് സാധിക്കണം’, എന്നും ഗായത്രി പറഞ്ഞു.
സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണ്. ഒരുപാട് പേര്‍ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമാണുള്ളത്. പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലില്‍ എത്തുമ്പോള്‍ അറിയണം എന്നായിരുന്നു ആഗ്രഹം എന്നാണ് ഗായത്രി മുമ്പ് പറഞ്ഞിരുന്നത്. ഇത് വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
