Actress
പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും എനിക്ക് ഒരു പിന്തുണയും ലഭിച്ചില്ല, വിശ്വാസ വഞ്ചന; ബിജെപിയില്‍ നിന്ന് രാജിവെച്ച് ഗൗതമി
പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും എനിക്ക് ഒരു പിന്തുണയും ലഭിച്ചില്ല, വിശ്വാസ വഞ്ചന; ബിജെപിയില്‍ നിന്ന് രാജിവെച്ച് ഗൗതമി
ബിജെപിയില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. 25 വര്‍ഷത്തെ അംഗത്വത്തിന് ശേഷമാണ് ഗൗതമി ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്നത്. പാര്‍ട്ടിയോടുള്ള തന്റെ പ്രതിബദ്ധതയെ താന്‍ മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് ബിജെപിയില്‍ നിന്ന് തനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഗൗതമി പ്രസ്താവനയില്‍ പറഞ്ഞു.
‘പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും എനിക്ക് ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സമ്പാദ്യം കൈക്കലാക്കുകയും ചെയ്ത വ്യക്തിയെ ബിജെപിയിലെ പലരും സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി,’ എന്നും ഗൗതമി പറഞ്ഞു.
സി.അളഗപ്പന് തന്റെ പണവും സ്വത്തും രേഖകളും തട്ടിയെടുത്തെന്ന് നടി പറഞ്ഞു. തമിഴ്നാട് സര്‍ക്കാരിലും ജുഡീഷ്യല്‍ വകുപ്പിലും തനിക്ക് വിശ്വാസമുണ്ടെന്നും തനിക്കും തന്റെ കുട്ടിയുടെ ഭാവിയ്ക്കും വേണ്ടി നീതിക്കായി പോരാടുകയാണെന്നും അവര്‍ പറഞ്ഞു. 2021ലെ തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജപാളയം മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവസാന നിമിഷം സീറ്റ് പിന്‍വലിച്ചെന്നും അവര്‍ പറഞ്ഞു.
ഈ സംഭവങ്ങള്‍ക്കിടയിലും താന്‍ പാര്‍ട്ടിയുടെ വിശ്വസ്തയായി തുടര്‍ന്നു. എന്നാല്‍ പാര്‍ട്ടി തന്നെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷവും കഴിഞ്ഞ 40 ദിവസമായി പല മുതിര്‍ന്ന നേതാക്കളും അളഗപ്പനെ ഒളിവില്‍ പോകാനും കേസില്‍ നിന്ന് രക്ഷിക്കാനും സഹായിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
