Malayalam
ആ വ്‌ളോഗർ തന്റെ വീഡിയോയില്‍ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്.. തുടര്‍ന്നുള്ള ഫോണ്‍ വിളിയിലും നല്ല പിള്ള ചമയുന്നുണ്ട്… സിനിമാ വിമര്‍ശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്; കുറിപ്പ്
ആ വ്‌ളോഗർ തന്റെ വീഡിയോയില്‍ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്.. തുടര്‍ന്നുള്ള ഫോണ്‍ വിളിയിലും നല്ല പിള്ള ചമയുന്നുണ്ട്… സിനിമാ വിമര്‍ശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്; കുറിപ്പ്
‘മാളികപ്പുറം’ സിനിമയുടെ വിഷയത്തില്‍ നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ വീട്ടുകാരെയും മാളികപ്പുറം സിനിമയിലെ ബാലതാരത്തെയും കുറിച്ച് ഈ സംഭാഷണത്തിനിടെ മറുപകുതിയിൽ നിന്നും മോശം രീതിയിൽ പരാമർശിക്കപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഉണ്ണി ഫേസ്ബുക്ക് കുറിപ്പും നൽകി.
ഇപ്പോഴിതാ ഈ വിഷയത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി സംവിധായകന്‍ വി സി അഭിലാഷ്. ആ വ്‌ളോഗര്‍ തന്റെ വീഡിയോയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട് എന്നും അതിന് ഒരാള്‍ക്കും അവകാശമില്ല, തുടര്‍ന്നുള്ള ഫോണ്‍ വിളിയിലും വ്‌ലോഗ്ഗര്‍ നല്ല പിള്ള ചമയുന്നുണ്ട് എന്നും വി സി അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു
വി സി അഭിലാഷിന്റെ വാക്കുകള്‍
ഞാന്‍ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു. ആ വ്‌ലോഗ്ഗര്‍ തന്റെ വീഡിയോയില്‍ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാള്‍ക്കും അവകാശമില്ല. തുടര്‍ന്നുള്ള ഫോണ്‍ വിളിയിലും വ്‌ലോഗ്ഗര്‍ നല്ല പിള്ള ചമയുന്നുണ്ട്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്‌സ്യല്‍ താല്‍പര്യത്തോടെ ചെയ്യുമ്പോള്‍ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമര്‍ശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.
വ്‌ലോഗ്ഗര്‍മാര്‍ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങള്‍ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോള്‍ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവര്‍ക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനം/ നിരൂപണം നേരിടാനും നിങ്ങള്‍ക്കും മനസ്സുണ്ടാവണം.
മെക്‌സിക്കന്‍ അപാരത പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ മാളികപ്പുറമിറം ഇറങ്ങുമ്പോള്‍ തിയേറ്ററിനുള്ളില്‍ ശരണം വിളിയും പ്രതീക്ഷിക്കണം. ഞാനെന്ന ചലച്ചിത്ര സംവിധായകന്‍ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമല്ല എന്റേത്. ഇത് പറയുന്നതിലൂടെ ഞാന്‍ ചിലപ്പോ വായുമാര്‍ഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.
വ്‌ളോഗര്‍ പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍ വിശദീകരണവുമായി എത്തിയിരുന്നു. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് വൈകാരികമായി പ്രതികരിച്ചത് എന്നും 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു എന്നും ഉണ്ണി പറഞ്ഞു.
