Malayalam
കൃത്യമായ രാഷ്ട്രീയം പറയാൻ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മോഹൻലാലിനെയും മുരളി ഗോപിയേയും അഭിനന്ദിച്ചേ മതിയാകൂ; എമ്പുരാന് പിന്നാലെ വിവാദം!
കൃത്യമായ രാഷ്ട്രീയം പറയാൻ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മോഹൻലാലിനെയും മുരളി ഗോപിയേയും അഭിനന്ദിച്ചേ മതിയാകൂ; എമ്പുരാന് പിന്നാലെ വിവാദം!
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകൾ നിറഞ്ഞ് ഓടുകയാണ്. കൃത്യമായ രാഷ്ട്രീയ പ്രമേയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ വലിയ പ്രചരണമാണ് നടത്തുന്നത്. പ്രമുഖരും അപ്രമുഖരുമായ നിരവധി സംഘപരിവാർ പ്രൊഫൈലുകൾ വ്യാജ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നു കഴിഞ്ഞു.
സ്വന്തം അമ്മയെയും പെങ്ങളെയും സിനിമയിലൂടെ മോശമായി ചിത്രീകരിച്ചാലും ഇങ്ങേരൊക്കെ ഇത് തന്നെ പറയുമോ? ഗോദ്രയിലെ ഹിന്ദുക്കൾ നമ്മുടെ ആരുമല്ല എന്നുള്ള തോന്നലിലാണ് ശത്രുവിനോടൊപ്പം നിൽക്കാൻ തോന്നുന്നത്. ഗോദ്രയിലെ ഹിന്ദുക്കൾ ഞങ്ങളുടെ സഹോദരങ്ങൾ ആയത് കൊണ്ട് ഞങ്ങൾ അവരോടൊപ്പം നില്കും. ആയിരകണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി കരയുന്ന കേരളത്തിലെ സുടാപ്പിയിൽ നിന്ന് അല്പമെങ്കിലും സാഹോദര്യം നിങ്ങളൊക്കെ പഠിക്കാനുണ്ട്. എന്നാണ് സ്വയം സേവകൻ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.
സംഘപരിവാർ രാഷ്ട്രീയത്തെ 2002 ലെ ഗുജറാത്ത് കലാപം അടക്കം മുൻനിർത്തി ചിത്രം വലിയ രീതിയിൽ വിമർശിക്കുന്നുവെന്നതാണ് വലതുപക്ഷത്തിന്റെ ബഹിഷ്കരണ ആഹ്വാനത്തിന്റെ കാതൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ സിനിമയായി കാണണമെന്ന് അഭിപ്രായപ്പെട്ട് എംടി രമേശ് രംഗത്ത് എത്തിയെങ്കിലും അദ്ദേഹവും പ്രവർത്തകരുടെ വിമർശനത്തിന്റെ ചൂട് അറിയുകയാണ്. സിനിമയെ സിനിമയായി കാണണം.
അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ എംടി രമേശ് സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നത്’ എന്നായിരുന്നു എംടി രമേശ് ചോദിച്ചത്. എമ്പുരാൻ കാണുമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേയും വിമർശനമുണ്ട്. സിനിമയെ സിനിമയായി കാണണം എന്നാണ് എംടി രമേഷ് പറയുന്നത്.
അതേസമയം, ഇത്തരത്തിൽ കൃത്യമായ രാഷ്ട്രീയം പറയാൻ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മോഹൻലാലിനെയും മുരളി ഗോപിയേയും അഭിനന്ദിച്ചും നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്. സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസ്റ്റീവുകളും ചിലയിടങ്ങളിൽ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ടെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായി തീവ്രവലതുപക്ഷം അടക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.
പൃഥ്വിരാജ് തന്റെ രാഷ്ട്രീയം മറച്ചുവെക്കാതെ, ലൂസിഫറിൽ കോൺഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ബാലൻസ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കിൽ ഇത് കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്നക്രമിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് പിന്നീട് ഇന്ത്യ ഭരിക്കുന്നതെന്നും പറയുകയും ബജ്‌റംഗി എന്ന പേര് തന്നെ പ്രധാനവില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയനിലപാട് വളരെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ എന്ന രീതിയിൽ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഹോളിവുഡ് സ്‌റ്റൈൽ മൂവി എന്ന് പറയാൻ കഴിയുന്ന രീതിയുണ്ട്. മുംബൈയിലും തീയേറ്റർ ഹൗസ്ഫുൾ ആയിരുന്നു. എല്ലാവരും ഉറപ്പായും സിനിമ കാണണം. ബാലസ്ഡ് ആയി നരേറ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ ഡ്രസ് ഹോളിവുഡ് സ്‌റ്റൈൽ ആണ്. എല്ലാവരുടേയും പെർഫോമൻസ് രസകരമായിട്ടുണ്ട്. ഒന്നുരണ്ട് നല്ല പാട്ടുകൾ കൂടെ ഉണ്ടാവാമായിരുന്നു എന്ന തോന്നലുണ്ട്.
മലയാളികളിൽ വലിയൊരു വിഭാഗത്തിന് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, രാഷ്ട്രീയമായ എതിരഭിപ്രായങ്ങൾ ഉണ്ടാവാം. മോഹൻലാലും പൃഥ്വിരാജും ഭരത് ഗോപിയുടെ മകൻ മുരളീ ഗോപിയും ഒക്കെ എഴുതുന്നതാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര തീ വ്രവാദ ഇ സ്ലാമിസ്റ്റ് അജൻഡകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർഥവുമില്ല.
സിനിമയോട് വിയോജിപ്പുള്ള സംഘപരിവാറിലെ സഹോദരങ്ങൾ കാണും. കാരണം, ബിജെപിയെ പേരെടുത്ത് പറഞ്ഞ് തന്നെ ആക്രമിച്ചിട്ടുണ്ട്. വലിയ ധൈര്യമാണ്, മുരളി ഗോപിയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമൊക്കെയുള്ള ധൈര്യം വളരെ വലുതാണ്. ഇത്രയും തുറന്ന്, ദേശീയ അന്വേഷണ ഏജൻസികൾ ദുരുപയോഗംചെയ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്നതിനുള്ള ധൈര്യം ഭയങ്കരമാണ്. എമ്പുരാൻ കാണുക. അത് ഒരു സ്റ്റേറ്റ്‌മെന്റാണ്, സിനിമയാണ്, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി മാറുമെന്ന കാര്യത്തിൽ സംശയമില്ലെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയെന്നാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോൾ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായി ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിക് റിപ്പോർട്ട് ചെയ്യുന്നു. കന്നഡ, ഹിന്ദി പതിപ്പുകൾക്ക് യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും കളക്ഷനുണ്ട്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.
‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം.
2025 ജനുവരി 26ന് ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. പമ്പയിൽ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങി. ഈ വേളയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും വാർത്തയായിരുന്നു. വഴിപാട് രസീതിന‍്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെ എമ്പുരാന് ശേഷമെത്തുന്ന മോഹൻലാൽ ചിത്രം തുടരും എന്ന ചിത്രത്തിൻറെ ട്രെയ്‍ലറും മോഹൻലാൽ പങ്കുവെച്ചിരുന്നു. എമ്പുരാൻ തിയറ്ററുകളിൽ എത്തുന്നതിൻറെ തലേ ദിവസമാണ് തുടരും ട്രെയ്‍ലർ എത്തിയത്. കെ ആർ സുനിലിൻറെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എമ്പുരാനേക്കാൾ മുൻപ് ഈ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
