Bollywood
റിലീസിനും സർട്ടിഫിക്കറ്റിനും വേണ്ടി സെൻസർ ബോർഡിനോട് ആവശ്യപ്പെടാനാകില്ല ; കങ്കണയ്ക്കും എനർജൻസിയ്ക്കും ബോംബെ ഹൈക്കോടതിയിൽ തിരിച്ചടി!
റിലീസിനും സർട്ടിഫിക്കറ്റിനും വേണ്ടി സെൻസർ ബോർഡിനോട് ആവശ്യപ്പെടാനാകില്ല ; കങ്കണയ്ക്കും എനർജൻസിയ്ക്കും ബോംബെ ഹൈക്കോടതിയിൽ തിരിച്ചടി!
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് പെടാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് എമർജൻസി. റിലീസിന് മുന്നേ തന്നെ ചിത്രം വിവാദങ്ങളിലും പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ എമർജസി റിലീസിനും സർട്ടിഫിക്കറ്റിനും വേണ്ടി സെൻസർ ബോർഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വാദം കേൾക്കാൻ മധ്യപ്രദേശ് ഹൈക്കോടതി സെൻസർ ബോർഡിനു നിർദേശം നൽകിയിട്ടുളള വേളയിൽ ഹർജിയിൽ ഇടപെടാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.
കങ്കണ റണാവത്തിന്റെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇവരാണ് കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
അതേസമയം, നേരത്തെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. സമുദായം വോട്ടിന് പകരം ഖലിസ്ഥാൻ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസിൽ നിന്ന് ഇറക്കി വെ ടിവെച്ചു കൊ ല്ലുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു.
നേരത്തെ പഞ്ചാബിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കങ്കണയെ അറസ്റ്റ് ചെയ്യണമെന്നും സിനിമ പ്രദർശിപ്പിക്കരുതെന്ന് തിയേറ്റർ ഉടമകളോട് അഭ്യർത്ഥിച്ച് കൊണ്ടും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയരുന്നുണ്ട്. മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി.
കൃഷ് ജാഗരലമുഡിക്കൊപ്പമായിരുന്നു അവർ ഈ ചിത്രമൊരുക്കിയത്. റിതേഷ് ഷായാണ് എമർജൻസിയുടെ തിരക്കഥ. ഈ വർഷം നവംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും. അനുപം ഖേർ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തൽപഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുൽ ജയകറേയും മിലിന്ദ് സോമൻ സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവൻ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്.