എന്റെ താടി നരച്ചു , നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേർന്നു; വിവാഹ വാര്‍ഷികത്തില്‍ കുറിപ്പുമായി ദുല്‍ഖര്‍
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യയിലെ തന്നെ മുൻനിര നായകനായി മാറാൻ ദുൽഖറിനായി. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചയിൽ എന്നും തുണയായി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികം.
ഇപ്പോഴിതാ 11ാം വെഡ്ഡിങ് ആനിവേഴ്സറിയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അമാലിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ദുല്‍ഖറിനും അമാലിനും ആശംസ അറിയിച്ചിരുന്നു.
വളരെയധികം വൈകിപ്പോയ പോസ്റ്റാണ്. ഇന്നത്തെ ദിവസം ഞങ്ങളുടെ ആനിവേഴ്സറിയാണ്. കല്യാണം കഴിഞ്ഞിട്ട് 11 വര്‍ഷം. എങ്ങനെയാണ് സമയം കടന്നുപോയതെന്നറിയില്ല. എന്റെ താടിയിലെ നരച്ചപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍, നമ്മള് സ്വന്തം വീട് വാങ്ങിയപ്പോള്‍. ഇതെല്ലാം മറ്റാരുടെയോ ജീവിതത്തിലെ കാര്യങ്ങള്‍ പോലെ തോന്നി. എന്നാല്‍ അത് നമ്മുടേത് തന്നെയാണ്. ഇത് നമ്മുടെ സ്വന്തം എഴുത്താണ്. പോസ്റ്റ് വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തവും നമുക്ക് തന്നെയാണെന്നുമായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.
വിവാഹത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം ദുല്‍ഖര്‍ വാചാലനായിട്ടുണ്ട്. അമാലിന്റെ പിന്തുണയെക്കുറിച്ചും മറിയത്തിന്റെ വരവിനെക്കുറിച്ചുമൊക്കെയുള്ള തുറന്ന് പറച്ചില് വൈറലായിരുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരായത്. ആര്‍ക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു അമാല്‍. ഒരേ സ്കൂളില്‍ പഠിച്ചവരാണ് ദുല്‍ഖറും അമാലും. പ്രണയവിവാഹമായിരുന്നില്ല ഇവരുടേത്. ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ മകന്റെ വിവാഹം നടത്തിയതിനെക്കുറിച്ച് മമ്മൂട്ടിയും തുറന്ന് പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തില്‍ സ്ഥിരതയും ദിശാബോധവും നല്‍കുമെന്ന് മനസിലാക്കിയതിനാലാണ് ദുല്‍ഖറിന്റെ വിവാഹം നേരത്തെ നടത്തിയത്. അതിനുള്ള ഉദാഹരണമാണ് തന്റെ ജീവിതമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അമാലിനെ കണ്ട സുല്‍ഫത്തായിരുന്നു മകന് വേണ്ടി ഈ കുട്ടിയെ ആലോചിച്ചാലോ എന്ന് ചോദിച്ചത്. അതിന് ശേഷമായാണ് ഇരുവീട്ടുകാരും ആലോചനയുമായി മുന്നോട്ട് പോയതും അത് വിവാഹത്തിലേക്കെത്തിയതും.
തന്റെ ഏറ്റവും വലിയ സുഹൃത്തും ശക്തിയുമാണ് അമാല്‍ എന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അഭിനയ ജീവിതത്തില്‍ മികച്ച പിന്തുണയാണ് അമാലില്‍ നിന്നും ലഭിക്കുന്നത്. നായികമാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴൊന്നും അവള് പ്രശ്നമുണ്ടാക്കാറില്ല. അത് തന്റെ ജോലിയാണെന്ന് അമാലിന് അറിയാമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ജനന സമയത്താണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനും സന്തോഷവും അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
