Social Media
സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്, ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദിയ കൃഷ്ണ
സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്, ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദിയ കൃഷ്ണ
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ ബിസിനസ് വിവാദങ്ങളിൽപ്പെട്ടത്. ഓ ബൈ ഓസി എന്നാണ് ദിയയുടെ ബിസിനസിന്റെ പേര്. ദിയയുടെ സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് ഉടമയായ സംഗീത അനിൽകുമാർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നും ഇവർ ആരോപിച്ചു. പിന്നാലെ ഇവരുടെ വീഡിയോയ്ക്ക് താഴെ സമാന പരാതികളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരുന്നത്. തുടർന്ന് യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന നിരവധി പേരാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. ഓപ്പണിംഗ് വീഡിയോ അയക്കാത്തതിനാൽ ഹെൽപ് ചെയ്യാൻ പറ്റിയില്ല. അയച്ച ഓപ്പണിംഗ് വീഡിയോ കട്ടാണ്. നേരത്തെ തുറന്ന് നോക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങിയാൽ റീപ്ലേസ്മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷൻ ഞങ്ങൾ ചെയ്ത് തരാനും തയ്യാറാണ്.
എന്നാൽ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ടെന്നാണ് ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. പരാതി ഉന്നയിച്ച സ്ത്രീ വാശിയുടെ പേരിൽ തനിക്കെതിരെ സംസാരിക്കാൻ ഒരു യൂട്യൂബറോട് ആവശ്യപ്പെട്ടെന്നും ദിയ പറയുന്നു. വിദ്യാഭ്യാസമില്ലാത്ത ആൾ സംസാരിക്കുന്നത് പോലെയാണ് അയാൾ സംസാരിച്ചത്. മാലയുടെയും കമ്മലിന്റെയും വീഡിയോ കണ്ടപ്പോൾ അങ്ങനെയെങ്കിലും കഞ്ഞിക്ക് വകയുണ്ടാകട്ടെ എന്ന് കരുതി.
പക്ഷെ രണ്ട് മാസം മുന്നേയും ഇയാൾ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നും ദിയ പറയുന്നു. നേരത്തെയുള്ളവനെ തേച്ചൊട്ടിച്ചു എന്ന് പറയുന്നു. ഞാൻ തേച്ച് ഒട്ടിച്ചു എന്ന് പറയാൻ എന്ത് അധികാരമാണ് പുള്ളിയ്ക്കുള്ളത്. അശ്വിനോട് സിംപതി തോന്നുന്നെന്ന തരത്തിൽ അയാൾ സംസാരിക്കുന്നുണ്ട്. അശ്വിൻ പൊട്ടനായിരിക്കുന്നു, പൈസയുള്ളത് കൊണ്ട് ആൾക്കാരെ മേടിക്കുന്നു എന്ന് പറയുന്നു.
വിദ്യഭ്യാസമില്ലാത്ത എത്രയോ പേർ ഇത് കണ്ട് വിശ്വസിക്കുന്നുണ്ടാകും. എന്റെ ബിസിനസിനെ കുറ്റപ്പെടുത്തുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ട്. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയത്. ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയത്. കുടുംബത്തിൽ ഒരാൾ പോലും എന്നെ സഹായിച്ചിട്ടില്ല. സഹായം ചോദിച്ചിട്ടില്ല. ഒറ്റയ്ക്കാണ് ഇവിടെ വരെ കൊണ്ടുവന്നത്.
ഇന്ന് അശ്വിൻ ടെക്നിക്കലായി സഹായിക്കുന്നുണ്ട്. ഒരു ദിവസം കൊണ്ട് എന്റെ ബിസിനസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല. ആരോടും സഹായം ചോദിച്ചിട്ടില്ല. തന്റെ ബിസിനസിനെ കളിയാക്കി പോലും അയാൾ സംസാരിച്ചു. അധിക്ഷേപിച്ച യുവാവിനെതിരെ നിയമപരമായി എനിക്ക് നീങ്ങാം.
പക്ഷെ അത് ചെയ്യാത്തത് പക്വതയില്ലാത്ത ഇയാളുടെ ജീവിതം തുലയ്ക്കാൻ എനിക്ക് തീരെ താൽപര്യമില്ലാത്ത് കൊണ്ടാണെന്നും ദിയ കൃഷ്ണ പറയുന്നു. അതോടൊപ്പം തന്റെ കസ്റ്റമേഴ്സിന്റെ പരാതികൾക്കും ദിയ മറുപടി നൽകി. ഓപ്പണിംഗ് വീഡിയോ ചോദിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ്. സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്.
അശ്വിന്റെ മുന്നിൽ പോലും ഇരുന്ന് കരയാൻ താൽപര്യമില്ലാത്ത ആളാണ്. ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ലെന്നും ദിയ കൃഷ്ണ വളരെ വൈകാരികമായാണ് പറഞ്ഞത്. ഇനിയും ഇത്തരം വീഡിയോ വന്നാൽ ഞാൻ നിയമപരമായി നീങ്ങും. ഉറങ്ങാൻ പോലും പറ്റുന്നില്ല, തനിക്ക് ബിപി പ്രശ്നമുണ്ടെന്നും പറഞ്ഞ ദിയ വീഡിയോയുടെ അവസാനം പൊട്ടിക്കരയുകയും ചെയ്യുന്നു.