Malayalam
അച്ഛന്റെ വിയോഗം ഒരു വർഷത്തോളം എനിക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല, നടുക്കടലിൽ പെട്ടത് പോലെയായിരുന്നു; ദിവ്യ ഉണ്ണി
അച്ഛന്റെ വിയോഗം ഒരു വർഷത്തോളം എനിക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല, നടുക്കടലിൽ പെട്ടത് പോലെയായിരുന്നു; ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.
വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ദിവ്യ നൃത്ത സ്‌കൂൾ നടത്തുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേയ്ക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പിതാവ് പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണനാണ്. ദിവ്യ വലിയ നർത്തകിയാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. കരിയറിലും ജീവിതത്തിലും എടുത്ത പല നിർണായക തീരുമാനങ്ങളിലെല്ലാം അച്ഛന്റെ പങ്കുണ്ടെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2021 ലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരണപ്പെടുന്നത്. ഇപ്പോഴിതാ അച്ഛന്റെ വേർപാടുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി.
ധന്യ വർമയുമായുള്ള ഒരു അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. അച്ഛന്റെ വിയോഗം ഒരു വർഷത്തോളം എനിക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അച്ഛനായിരുന്നു എല്ലാം. എന്റെ ഭർത്താവിനെയും വിയോഗം ഏറെ ബാധിച്ചിരുന്നു. എപ്പോഴും മുകളിൽ നിന്ന് അദ്ദേഹം തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നുണ്ടെന്ന വിശ്വാസമുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
മരിക്കുന്നതിന് ഒരു വർഷം മുമ്പ് ഏഴ് മാസത്തോളം ഞങ്ങൾക്കൊപ്പം യുഎസിലുണ്ടായിരുന്നു. ഒരു ദിവസം അച്ഛന് വയ്യാതെ ആശുപത്രിയിൽ കൊണ്ട് പോകുകയാണെന്ന് അമ്മ ഫോൺ ചെയ്ത് പറഞ്ഞു. ശബ്ദം ഇടറുന്നുണ്ടായിരുന്നു. മുപ്പത് മിനുട്ടിനുള്ളിലാണ് മരണം സംഭവിച്ചത്. അച്ഛന് ഒരു ഗ്ലാസ് വെള്ളമെടുക്കാൻ പോലും ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല.
അച്ഛൻ മരിച്ച ശേഷം ഒരു വർഷത്തോളം എന്റെ തലയിൽ അച്ഛനോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന ചിന്ത വരുമായിരുന്നു. പെട്ടെന്ന് ഞാനെന്താണ് ഈ ചെയ്യുന്നതെന്ന് തോന്നും. അരുണിനും അങ്ങനെയായിരുന്നു. തലയ്ക്ക് അടി കിട്ടിയത് പോലെയും നടുക്കടലിൽ പെട്ടത് പോലെയുമൊക്കെയായരുന്നു. അച്ഛന്റെ മരണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ഡാൻസ് പ്രോഗ്രാം ചെയ്തതിനെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു.
നവംബറിലാണ് അച്ഛൻ മരിച്ചത്. ജനുവരി മാസം ആദ്യം ഞാൻ ഡാൻസ് പെർഫോമൻസിന് പോയി. യുഎസിൽ നിന്നാണ് ഡാൻസിന് കോൾ വന്നത്. അച്ഛനാണ് മുമ്പ് എല്ലാം നോക്കിയിരുന്നത്. ഒരു പ്രോഗ്രാമിനോട് നീ നോ പറയുന്നത് അച്ഛന് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല, നീ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു. ഞാൻ പോയി ഡാൻസ് ചെയ്തു. എന്തൊക്കെ സംഭവിച്ചാലും നൃത്തം മുന്നോട്ട് കൊണ്ട് പോകണമെന്ന് അച്ഛൻ മുമ്പ് തന്നോട് പറഞ്ഞിരുന്നെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
മാത്രമല്ല, വിഷമമുണ്ടെങ്കിലും കരഞ്ഞ് തകർന്നിരിക്കാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ ഡാൻസ് പെർഫോമൻസ് നടന്നത്. മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.
നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഇതിൽ ഉൾപ്പെടുന്നു. ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്.
