News
ദിലീപ് താരപരിവേഷമുള്ള വ്യക്തി, വിചാരണ നീണ്ടു പോകുന്നു; പുതിയ നീക്കവുമായി പള്‍സര്‍ സുനി സുപ്രീം കോടതിയിലേയ്ക്ക്…
ദിലീപ് താരപരിവേഷമുള്ള വ്യക്തി, വിചാരണ നീണ്ടു പോകുന്നു; പുതിയ നീക്കവുമായി പള്‍സര്‍ സുനി സുപ്രീം കോടതിയിലേയ്ക്ക്…
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഈ വേളയില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എന്നാല്‍ താന്‍ മാത്രമാണ് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതി എന്ന് സുനി ബോധിപ്പിക്കുന്നു.
വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണം. കേസിലെ പ്രതി ദിലീപ് താരപരിവേഷമുള്ള വ്യക്തിയാണ്. അതിനാല്‍ പല കാരണങ്ങളാല്‍ വിചാരണ നീണ്ടു പോകുകയാണെന്നും സുനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കാന്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. അതിക്രമിച്ച് കടന്നവര്‍ കാറില്‍ വച്ച് നടിയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. ദിവസങ്ങള്‍ക്കകം സുനിയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.
പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിലീപുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപ് നല്കിയ ക്വട്ടേഷനാണിതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. റിമാന്റില്‍ കഴിയവെ സുനി സഹതടവുകാരന്റെ സഹായത്തോടെ ദിലീപിന് കത്തയച്ചു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്. ജൂലൈയില്‍ അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷം ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒരു പ്രതിക്ക് ജാമ്യം കിട്ടിയത്. പക്ഷേ, സുനി മാത്രം ജയിലിലാണ്.
ഇക്കാര്യമാണ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച വേളയിലും സുനി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നടി പോലീസിന് നല്കിയ മൊഴി ഹൈക്കോടതി പരിശോധിച്ചു. ശേഷമാണ് സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആറിന് തള്ളിയത്. നടി ക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് വിലയിരുത്തലാണ് ഈ തീരുമാനത്തിന് കാരണം. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നതും പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം ഗൗരവമുള്ളതാണെന്നുമാണ് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. വിചാരണ നടപടികള്‍ രഹസ്യമായി പുരോഗമിക്കുകയാണ്. ഇനിയും ചിലരെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിരുന്നു. വൈകാതെ വിചാരണ കോടതി കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. അതിനിടെയാണ് സുനി ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
അതേസമയം, വിചാരണ തടവുകാരനായി പള്‍സര്‍ സുനി കഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു അടുത്തിടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ആളൂര്‍ പറഞ്ഞിരുന്നത്. ‘കാരണം പ്രത്യക സമയത്ത് കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് വിചാരണ കോടതിക്ക് കേസ് അവസാനിപ്പിക്കാന്‍ കഴിയാതെയിരുന്നത്? രണ്ട് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതില് പ്രശ്നമില്ലെന്ന്.
വിചാരണ പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നല്കിയ സമയം കഴിഞ്ഞിട്ടും ഒരു പ്രതി വിചാരണ തടവുകാരനായി കഴിയരുതെന്നാണ് ഞാന്‍ കരുതുന്നത്. കോടതി കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റക്കാരന്‍. അതുവരെ അയാള്‍ കുറ്റാരോപിതനാണ്. അതുവരെ നിരപരാധിയാണ് എന്ന കാര്യം പ്രൊട്ടക്ട് ചെയ്യപ്പെടണം. പക്ഷേ ഇവിടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരായ ആരോപണം ശക്തമാണ്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നും മറ്റുള്ള ആക്രമണം നടത്തിയെന്നുമാണ് സുനിക്കെതിരായ ആരോപണം. ഇതെല്ലാം ശക്തമായ ആരോപണങ്ങള്‍ തന്നെയാണ്. ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുകയെന്നത് കടന്നകൈയാണ്. ഇവിടെ രണ്ട് മുതല്‍ 8 വരെയുള്ള പ്രതികള്‍ പുറത്താണ്. ഒന്നാം പ്രതി മാത്രമാണ് ജയിലില്‍ കഴിയുന്നത്. അയാളുടെ മാനസിക സമ്മര്‍ദ്ദവും ഹൈക്കോടതി പരിശോധിക്കും. പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ ഈ കേസില്‍ പല കാര്യങ്ങളും സുനിക്ക് കോടതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും’, എന്നും ആളൂര്‍ പറഞ്ഞിരുന്നു.
