Actor
എന്റെ പേരില്‍ ലാലേട്ടന്‍ വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ്
എന്റെ പേരില്‍ ലാലേട്ടന്‍ വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ്
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍ എങ്കിലും പ്രേക്ഷകര്‍ക്ക് താരത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഇത്തരത്തിലൊരു കേസ് വന്നപ്പോള്‍ തന്നെ പലരും ദിലീപിനൊപ്പവും ദിലീപിനെതിരെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ മൗനമായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
തനിക്കൊരു വിഷമം വന്നപ്പോള്‍ കൂടെയുണ്ടാകും എന്ന് കരുതിയിരുന്ന പലരും മൗനത്തിലായിരുന്നു എന്നാണ് നടന്‍ പറയുന്നത്. എന്നാല്‍ സിദ്ദീഖ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ സ്വന്തം കാര്യം പോലും നോക്കാതെ തനിക്കൊപ്പം അടിയുറച്ച് നിന്നെന്നും അദ്ദേഹം പറഞ്ഞു. താരസംഘടനയായ അമ്മയില്‍ തന്നെ പുറത്താക്കിയതല്ല എന്നും താന്‍ സ്വയം രാജി വെച്ചതാണ് എന്നും ദിലീപ് പറഞ്ഞു. മോഹന്‍ലാലിന്റെ വിഷമം കണ്ടാണ് താന്‍ ആ തീരുമാനമെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ത്ഥ്യം എന്താണെന്ന് തനിക്കും ദൈവത്തിനും അറിയാമെന്നും സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് താന്‍ എന്നും ദിലീപ് പറഞ്ഞു.
‘നമുക്കൊരു വിഷമം വരുമ്പോള്‍ ചിലര്‍ മിണ്ടാതിരുന്നു, മാറി നിന്നു. അതൊക്കെ നമ്മള്‍ കാണുന്നുണ്ട്.. പക്ഷെ അത് വലിയൊരു തിരിച്ചറിവാണ്. എല്ലാം എന്റെ ആള്‍ക്കാരാണ് എന്ന് പറഞ്ഞ് പോകുമ്പോള്‍ ഒരു വിഷയം വരുമ്പോഴാണ് നമ്മള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. അത് ജീവിതത്തിലെ വലിയ അനുഭവമാണ്. 2020 ചെയ്തപ്പോള്‍ ഞാന്‍ കരുതി അതാണ് വലിയ എക്‌സ്പീരിയന്‍സ് എന്ന്.
ഞാന്‍ എല്ലാവരോടും ഇപ്പോഴും ആ ഒരു രീതിയില്‍ തന്നെയാണ്. കാരണം ആ ഒരു സ്‌നേഹവും ബഹുമാനവും ഒന്നും എനിക്കാരോടും നഷ്ടപ്പെട്ടിട്ടില്ല. നമ്മള്‍ മനുഷ്യരാണ്. അപ്പോള്‍ ചില ആളുകള്‍ അവരവരുടെ കാര്യങ്ങള്‍ നോക്കുന്നു എന്നതാണ്. എല്ലാവരും ഒരുപോലെ ആകണം എന്നില്ല. അതില്‍ നമുക്ക് പരാതിയോ പരിഭവമോ ഇല്ല. സത്യത്തിന് വേണ്ടിയാണ് ഞാന്‍ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നിലൊരു സത്യമുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം എന്നത് എനിക്കും ഈശ്വരനും അറിയാം. നമ്മളുടെ മനസാക്ഷിയോട് ബോധ്യപ്പെടുത്തുക എന്നൊരു കാര്യമുണ്ട്. അതിന്റെ പേരിലാണ് ഈ യുദ്ധം. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തവരാണ് എന്റെ കുടുംബം പോലും പാംപര്‍ ചെയ്ത് നിര്‍ത്തിയത്. എടുത്ത് പറയേണ്ട ആള്‍ക്കാരാണ് സിദ്ദീക്കയും ഗണേഷേട്ടനും. അവര്‍ക്ക് ഏറ്റവും കേടുണ്ടാകുന്ന ഒരു വിഷയമായിട്ട് കൂടി അവര്‍ ഒപ്പം നിന്നു.
ചിലര്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ നിന്നു. ചിലപ്പോള്‍ മൗനം പാലിച്ചത് അതുകൊണ്ടായിരിക്കാം. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. മലയാള സിനിമയിലുള്ളവര്‍ എന്നെ ഒഴിവാക്കുകയോ മോശമായി പെരുമാറുകയോ ഈ നിമിഷം വരെ ചെയ്തിട്ടില്ല. ഒരു സ്ഥലത്ത് ചെന്നാല്‍ അവഗണന നേരിട്ടിട്ടില്ല. ഇന്‍ഡസ്ട്രിയിലെ ഏത് അസോസിയേഷനിലും എന്തെങ്കിലും വിഷയം വന്നാല്‍ എന്നെ കൂടി അറിയിക്കാറുണ്ട്.
ഞാനിപ്പോഴും മിക്ക അസോസിയേഷനുകളിലും നേതൃസ്ഥാനത്തുണ്ട്. അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയതല്ല. ലാലേട്ടന്‍ പ്രസിഡന്റായത് കൊണ്ട് മാത്രമാണ് ഞാന്‍ അതില്‍ നിന്ന് മാറിയത്. ലാലേട്ടാ എന്റെ പേരില്‍ ലാലേട്ടന്‍ വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല. അതുകൊണ്ട് മാത്രമാണ് ഞാന്‍ സ്വയം രാജിക്കത്ത് നല്‍കിയത്. എനിക്ക് വേണ്ടി ലാലേട്ടന്‍ പ്രാര്‍ത്ഥിച്ചു എന്ന് പറഞ്ഞതിന് വരെ അദ്ദേഹത്തിന്റെ മെക്കിട്ട് കയറി.
എന്തൊരു മനസാണ്. ഞാന്‍ എന്റെ ജീവിതം തുടങ്ങുന്നത് ലാലേട്ടന്റെ മുന്നില്‍ നിന്നാണ്. ആ ഒരു സ്‌നേഹം വേറെയാണ്. എന്റെ സീനിയേഴ്‌സിനോട് എല്ലാവരോടും ആ ബഹുമാനം എനിക്കുണ്ട്. അല്ലെങ്കില്‍ ഞാന്‍ ജനറല്‍ ബോഡി തീരുമാനിക്കട്ടെ, ആര്‍ക്ക് എത്ര പേരുണ്ട് എന്ന് കാണാം എന്ന് പറഞ്ഞ് വേണമെങ്കില്‍ മൊടയും കാണിച്ച് നില്‍ക്കാം. ഞാന്‍ നിന്നില്ല’ എന്നും ദിലീപ് പറയുന്നു.
അതേസമയം പവി ദ കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.
