Bollywood
ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു
ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ധൂം, ധൂം 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സഞ്ജയ് ആയിരുന്നു. മരണവിവരം മകള്‍ സഞ്ജിന ഗധ്‌വി സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സഞ്ജയ് ഗധ്വിയുടെ മരണമെന്ന് മകള്‍ പ്രതികരിച്ചു.
ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് കരുതുന്നത്. പൂര്‍ണ ആരോഗ്യവാനായിരുന്നു പിതാവെന്നും സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍കൂടിയുണ്ട്. 2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭം. പുതുമുഖങ്ങള്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വലിയ വിജയമായില്ല.
2002ല്‍ മേരേ യാര്‍ കി ഷാദി ഹേ എന്ന ചിത്രം സംവിധാനം ചെയ്തു. ഉദയ് ചോപ്ര, ബിപാഷ ബസു, തുലീപ് ജോഷി, ജിമ്മി ഷെര്‍ഗില്‍ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. യഷ് രാജ് നിര്‍മിച്ച ചിത്രം ഈ നിര്‍മാണക്കമ്പനിയുടെ മറ്റുചിത്രങ്ങള്‍ പോലെ വിജയം നേടിയില്ല. തുടര്‍ന്നാണ് 2004ല്‍ ഇന്ത്യന്‍ സിനിമയെത്തന്നെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു.
2006ല്‍ പുറത്തിറങ്ങിയ ധൂം2 ആദ്യ ഭാഗത്തേക്കാള്‍ ഹിറ്റായി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും മുഖ്യവേഷങ്ങളിലെത്തി. കിഡ്‌നാപ്, അജബ് ഗസബ് എന്നി ചിത്രങ്ങളും പിന്നീടദ്ദേഹം സംവിധാനം ചെയ്തു. 2012ലിറങ്ങിയ അജബ് ഗസബിനുശേഷം സിനിമയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. 2020ല്‍ ഓപ്പറേഷന്‍ പരീന്ദേ എന്നൊരു ചിത്രം സംവിധാനം ചെയ്ത് തിരിച്ചുവന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാനചിത്രവും.