Tamil
പ്രണയം കാരണം എനിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം, 12 കോടി രൂപ അധികച്ചെലവ്; ദൃശ്യങ്ങൾ കൊടുക്കാത്തതിന് വിഘ്നേഷ് അസഭ്യം പറഞ്ഞു; ആരോപണങ്ങളുമായി ധനുഷ്
പ്രണയം കാരണം എനിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം, 12 കോടി രൂപ അധികച്ചെലവ്; ദൃശ്യങ്ങൾ കൊടുക്കാത്തതിന് വിഘ്നേഷ് അസഭ്യം പറഞ്ഞു; ആരോപണങ്ങളുമായി ധനുഷ്
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
നേരത്തെ, നയൻതാരയും ധനുഷും തമ്മിലുള്ള തർക്കം വിവാദമായിരുന്നു. നയൻതാരയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെൻററിയിൽ ധനുഷ് നിർമിച്ച നയൻസ് ചിത്രം, ‘നാനും റൗഡി താനി’ൻറെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്.
ഇതുൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസയച്ചു. 3 സെക്കൻറ് വിഷ്വലിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയൻതാര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇട്ടു. ധനുഷിൻറെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയുമെല്ലാം അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു കത്ത്.
ഇപ്പോഴിതാ നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്. നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചു.
നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.
മാത്രമലല്, ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചു.
അതേസമയം, വിവാദ വിഷയത്തെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നയൻതാര തുറന്ന് പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാനായി നിരവധി തവണ ധനുഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും വിവാദമായ ക്ലിപ്പുകൾ ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും നയൻതാര പറഞ്ഞു. പ്രശ്നം സംസാരിച്ച് തീർക്കാൻ ധനുഷിന്റെ മാനേജരെ പലതവണ ബന്ധപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കാൻ ഇപ്പോഴും താൻ തയാറാണെന്നുമാണ് നയൻതാര വ്യക്തമാക്കിയത്.
2014ൽ നയൻതാരയെ നായികയാക്കി ധനുഷ് നിർമിച്ച ചിത്രമാണ് നാനും റൗഡി താൻ’. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റിൽവച്ചാണെന്ന് നയൻതാര പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംവിധായകൻ നായികയോട് അടുപ്പം സ്ഥാപിച്ചത് നിർമാതാവെന്ന നിലയിൽ ധനുഷിനെ കാര്യമായി അലോസരപ്പെടുത്തിയിരുന്നു.
പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.
