പല സീരിയലുകളും നഷ്ടമാവാനുള്ള പ്രധാന കാരണം അതാണ് ; ദീപൻ മുരളി
ടെലിവിഷന് സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ദീപന് മുരളി. ബിഗ് ബോസ് മലയാളം സീസണ് ഒന്നിന്റെ മത്സരാര്ത്ഥി കൂടെയായ ദീപന്, ശേഷം നിരവധി ടെലിവിഷന് ഷോകളില് അവതാരകനായി എത്തി.. നായക നടൻ എന്നതിനപ്പുറം പല തരത്തിലുള്ള വേഷങ്ങളും ദീപൻ സീരിയലുകളിൽ ചെയ്തു. പരിണയം എന്ന സീരിയലിലൂടെയാണ് ദീപൻ മുരളി അഭിനയ രംഗത്തേക്ക് കടക്കുന്നത്. ആദ്യ സീരിയലിൽ നെഗറ്റീവ് ഷേഡുകളുള്ള കഥാപാത്രത്തെയാണ് ദീപൻ മുരളി അവതരിപ്പിച്ചത്. ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരാർത്ഥിയായി ദീപൻ മുരളി എത്തി.
അധിക ദിവസം ദീപൻ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നില്ല. തൂവൽ സ്പർശം എന്ന സീരിയലിലാണ് നടനെ അടുത്തിടെയായി പ്രേക്ഷകർ കണ്ടത്. സീരിയൽ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപൻ മുരളി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയലുകൾ തെരഞ്ഞെടുക്കുമ്പോൾ താൻ വെക്കുന്ന നിബന്ധനയെക്കുറിച്ചാണ് നടൻ സംസാരിച്ചത്.
‘പല സീരിയലുകളും നഷ്ടമാവാനുള്ള പ്രധാന കാരണം എന്നെയൊരു പ്രൊജക്ടിന് വിളിച്ചാൽ ഞാനാദ്യം പറയുക എനിക്ക് സ്ക്രിപ്റ്റ് റൈറ്ററോട് സംസാരിക്കണമെന്നാണ്. എന്താണ് കഥ, കഥാപാത്രം എന്നറിയാൻ. പക്ഷെ വളരെ സീനിയറായ ഡയരക്ടേർസിനോട് അങ്ങനെ ചോദിക്കുമ്പോൾ അവർക്ക് ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്ന കഥാപാത്രം എന്താണെന്ന് നമ്മൾ അറിയുകയും അത് മാക്സിമം ആസ്വദിച്ച് ചെയ്താൽ മാത്രമേ ആ കഥാപാത്രം നന്നാവു’
നമ്മൾ ചുമ്മാതെ പോയി വിളിച്ചിട്ട് ചെയ്താൽ ചിലപ്പോൾ നമ്മളത് ആസ്വദിക്കില്ല. അത് കൊണ്ട് ഞാൻ വളരെ ചൂസിയാണ്. നല്ല കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നു. എന്റെ ആദ്യ സീരിയലിലെ കഥാപാത്രം ഒരുപാട് വേരിയേഷനുകളുള്ളതായിരുന്നു. രണ്ടാമത്തെ സീരിയലിൽ എനിക്ക് നാലോ അഞ്ചോ ഹീറോയിനുകൾ ഉണ്ടായിരുന്നു. അങ്ങനത്തെ കഥാപാത്രങ്ങൾ കിട്ടിയതിൽ ഞാൻ വളരെ അനുഗ്രഹീതനാണ്’
‘തൂവൽസ്പർശത്തിന് വിളിച്ചപ്പോഴും ഡയരക്ടറായും തിരക്കഥാകൃത്തിനോടും സംസാരിച്ചു. ഓരോ ഷെഡ്യൂൾ പോവുമ്പോഴും റൈറ്റർ വിനു ചേട്ടന്റെയുടുത്ത് ചെന്ന് ഞാൻ ചോദിക്കും, ചേട്ടാ ഇനിയെങ്ങനെയാണ് പോവുന്നതതെന്ന്. അങ്ങനെ ഞാൻ അവരെ ബുദ്ധിമുട്ടിക്കും. ലൊക്കേഷനിൽ ഒരുപാട് സംശയങ്ങൾ ചോദിക്കുന്നത് ഞാനായിരിക്കും. ചിലപ്പോൾ പെട്ടെന്ന് ഷൂട്ട് ചെയ്ത് പോവേണ്ടതിൽ ഞാൻ കുറേ ചോദ്യങ്ങൾ ചോദിക്കും’
എനിക്കിന്നും ഓർമ്മയുണ്ട്, ഒരിക്കൽ അസോസിയേറ്റ് പ്രശ്നമുണ്ടാക്കി. എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേയെന്ന്. ഞാൻ പറഞ്ഞു ഇല്ല, എനിക്ക് മനസ്സിലായാൽ മാത്രമേ പെർഫോം ചെയ്യാൻ പറ്റുള്ളൂ. പക്ഷെ അതിന് ശേഷം എനിക്കെല്ലാ ആളുകളും വന്ന് വളരെ ഡീറ്റെയ്ലായിട്ട് വളരെ ക്ഷമയോടെ പറഞ്ഞ് തരും,’ ദീപൻ മുരളി പറഞ്ഞു.
ബിഗ് ബോസ് സീസണിന്റെ ഒന്നാം സീസണിലാണ് ദീപൻ മുരളി പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ഷോയിലേക്ക് ദീപൻ മുരളി എത്തുന്നത്. ബിഗ് ബോസിൽ പോയത് കൊണ്ടുണ്ടായ നേട്ടത്തെക്കുറിച്ചത് ദീപൻ സംസാരിച്ചിരുന്നു. ഷോയ്ക്ക് ശേഷം വലിയ സ്വീകാര്യത തനിക്ക് ലഭിച്ചു.
ദീപൻ മുരളി എന്ന പേര് എല്ലാവർക്കും പരിചിതമായി, പേര് മോശമാവാതെ തിരിച്ചെത്താൻ കഴിഞ്ഞെന്നും ദീപൻ വ്യക്തമാക്കി. ഒരു മാസക്കാലമാണ് ദീപൻ ബിഗ് ബോസിലുണ്ടായിരുന്നത്. അർച്ചന കവി, രഞ്ജിനി ഹരിദാസ്, പേളി മാണി, സാബു, ശ്വേത മേനോൻ, ശ്രീനിഷ് തുടങ്ങിയവരായിരുന്നു സഹ മത്സരാർത്ഥികൾ. ബിഗ് ബോസിന് ശേഷം ദീപൻ മുരളി പ്രേക്ഷകർക്ക് കുറെക്കൂടി പരിചിതനായി. ബിഗ് ബോസിന്റെ അഞ്ചാം സീസണാണിപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. കനത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.
