Hollywood
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് തന്റെ അറിവും അഭിനിവേശവും പകര്‍ന്നു നല്കിയ ചലച്ചിത്ര ചരിത്രകാരന് ഡേവിഡ് ബോര്‍ഡ്വെല്‍ അന്തരിച്ചു
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് തന്റെ അറിവും അഭിനിവേശവും പകര്‍ന്നു നല്കിയ ചലച്ചിത്ര ചരിത്രകാരന് ഡേവിഡ് ബോര്‍ഡ്വെല്‍ അന്തരിച്ചു
പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുനായ ഡേവിഡ് ബോര്‍ഡ്വെല്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബോര്‍ഡ്വെല്ലിന്റെ മരണം വിസ്കോണ്‍സിന്‍ മാഡിസണ്‍ യൂണിവേഴ്സിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു.1947 ജൂലൈ 23 ന് ന്യൂയോര്‍ക്കിലെ പെന്‍ യാനിലാണ് ബോര്‍ഡ്വെല്ലിന്റെ ജനനം.
ഒരു സാധാരണ ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ചതിനാല്‍ നഗരത്തിലെ കുട്ടികളെപ്പോലെ എളുപ്പത്തില്‍ സിനിമകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് 2006ല്‍ നല്കിയ അഭിമുഖത്തില്‍ ബോര്‍ഡ്വെല്‍ പറഞ്ഞിരുന്നു. കൂടാതെ സിനിമകള്‍ കണ്ട് പഠിക്കുന്നതിലുമധികം താന്‍ വായിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും ബോര്‍ഡ്വെല്‍ പറഞ്ഞിരുന്നു.
ആര്‍തര്‍ നൈറ്റിന്റെ ദി ലിവ് ലിയെസ്റ്റ് ആര്‍ട്, പോള്‍ റോത്തയുടെ ദി ഫിലിം ടില്‍ നൗ എന്നീ പുസ്തകങ്ങളുടെ ആരാധകനായിരുന്നു ബോര്‍ഡ്വെല്‍. 1969ല്‍ അല്‍ബാനിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ബോര്‍ഡ്വെല്‍ യൂണിവേഴ്സിറ്റി ഓഫ് ലോവയില്‍ നിന്നും പിഎച്ച്ഡി നേടുകയും പിന്നീട് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കമ്യൂണിക്കേഷന്‍ ആര്‍ട്സ് ഡിപ്പാര്‍ട്മെന്റില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
1973 മുതല്‍ 2004ല്‍ വിരമിക്കും വരെയും വിസ്കോണ്‍സിന്‍ മാഡിസണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അദ്ദേഹം. ചലച്ചിത്ര നിരീക്ഷകനും ഗവേഷകനുമായിരുന്ന ബോര്‍ഡ്വെല്‍ െ്രെകറ്റീരിയന്‍ കളക്ഷനില്‍ ഉള്‍പ്പെട്ട സിനിമകളുടെ വിലയിരുത്തലുകള്‍ നടത്തുകയും ഉപന്യാസങ്ങള്‍ രചിക്കുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ‘ഒബ്സര്‍വേഷന്‍ ഓണ്‍ ഫിലിം ആര്‍ട്സ്’ എന്ന പേരില്‍ അമ്പതോളം എപ്പിസോഡുകളായി െ്രെകറ്റീരിയന്‍ ചാനല്‍ വഴി ഇവ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് തന്റെ അറിവും അഭിനിവേശവും പകര്‍ന്നു നല്കിയ ഒരു ദീര്‍ഘാകാല സുഹൃത്ത് എന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സാമൂഹിക മാധ്യമ പോസ്റ്റില്‍ െ്രെകറ്റീരിയന്‍ ബോര്‍ഡ്വെല്ലിനെ വിശേഷിപ്പിച്ചു. ബോര്‍ഡ്വെല്ലുമായി ദീര്‍ഘ നാളത്തെ സൗഹൃദം പുലര്‍ത്തിയിരുന്നതായി പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ജെയിംസ് ഷാമസ് പറഞ്ഞു. ബോര്‍ഡ്വെല്ലിനെപ്പോലെ മറ്റൊരാള്‍ ഇനി ഉണ്ടാകില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യ ക്രിസ്റ്റിന് തോംസണുമായി ചേര്‍ന്ന് എഴുതി 1979 ല്‍ പ്രസിദ്ധീകരിച്ച ‘ഫിലിം ആര്‍ട്ട് ആന്‍ ഇന്‍ട്രോഡക്ഷനും’ , 1994 ല്‍ പ്രസിദ്ധീകരിച്ച ‘ ഫിലിം ഹിസ്റ്ററി : ആന്‍ ഇന്‍ട്രോഡക്ഷനുമാണ്’ ബോര്‍ഡ്വെല്ലിന്റെ പ്രശസ്ത പുസ്തകങ്ങള്‍. കൂടാതെ ഇരുവരും ചേര്‍ന്ന് ഒരു ഫിലിം ബ്ലോഗും നടത്തിയിരുന്നു. 22 ഓളം പുസ്തകങ്ങള്‍ രചിച്ച ബോര്‍ഡ്വെല്‍ 140ല്‍ പരം ജേണലുകളുടെയും മറ്റും സഹ രചയിതാവ് കൂടിയായിരുന്നു.
പാസിംഗ് ഫാന്‍സി (1933), ഹൗ ഗ്രീന്‍ വാസ് മൈ വാലി (1941), സാന്ഷിരോ സുഗത (1943), സോംഗ് ഓഫ് ദ സൗത്ത് (1946), അഡ്വൈസ് ആന്‍ഡ് കണ്‍സെന്റ് (1962), സോണ്‍സ് ലെമ്മ (1970), ചൂസ് മി (1984), ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985), ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ (1990) എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട സിനിമകള്‍.
ദി ഫിലിംസ് ഓഫ് കാള്തിയഡോര് ഡ്രെയര്‍ (1980), ദി ക്ലാസിക്കല്‍ ഹോളിവുഡ് സിനിമ (1985), ഫിലിം സ്റ്റൈല്‍ ആന്‍ഡ് മോഡ് ഓഫ് പ്രൊഡക്ഷന്‍ (1960), ഓസു ആന്‍ഡ് പൊയറ്റിക്സ് ഓഫ് സിനിമ (1988), പ്ലാനറ്റ് ഹോങ്കോംഗ് (2000), ഫിഗേര്സ് ട്രെസ്ഡ് ഇന്‍ ലൈറ്റ് : ഓണ്‍ സിനിമാറ്റിക് സ്റ്റേജിംഗ് (2005), ദി വേ ഹോളിവുഡ് ടെല്‍സ് ഇറ്റ്: സ്റ്റോറി ആന്‍ഡ് സ്റ്റൈല്‍ ഇന്‍ മോഡേണ്‍ മൂവിസ് (2006) എന്നിവയാണ് ബോര്‍ഡ്വെല്ലിന്റെ മറ്റ് രചനകള്‍.
