വലിയ ലോകത്തിന് മാതൃകയാവുന്ന രണ്ടു കുഞ്ഞ് മനസുകൾ! ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലെ മാധവും ധനലക്ഷ്മിയും ആണ് ആ കുരുന്നുകൾ
വലിയ ലോകത്തിന് മാതൃകയാവുന്ന രണ്ടു കുഞ്ഞ് മനസുകൾ! ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തുടക്കം കുറിക്കുന്ന മാധവും ധനലക്ഷ്മിയും ആണ് ആ കുരുന്നുകൾ
സംസ്ഥാന സർക്കാരിൻ്റെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാര’മായി ലഭിച്ച സമ്മാനത്തുക വീൽചെയറിൽ നിന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ദമ്പതികൾക്ക് വിവാഹ വസ്ത്രം വാങ്ങി നൽകി മാതൃകയാവുകയാണ് കാസർകോട് ചെറുവത്തൂരിലെ സി. ധനലക്ഷ്‌മിയും ഇടുക്കി അടിമാലിയിലെ മാധവും. പോളിയോ ബാധിച്ച് വീൽചെയറിൽ തളച്ചിടപ്പെട്ട കോഴിക്കോട്ടു സ്വദേശിനി ലയജയും വീഴ്‌ചയിൽ ശരീരം തളർന്ന ഇടുക്കിയിലുള്ള സിജി ജോസഫുമാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ഇരുവർക്കും അണിയാനുള്ള വിവാഹ വസ്ത്രങ്ങളാണ് ധനലക്ഷ്മിയും മാധവും ചേർന്നു വാങ്ങി നൽകുന്നത്.
വ്യത്യസ്‌ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്നതാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം. ധനലക്ഷ്മിയും മാധവും പുരസ്കാരത്തിന് അർഹരായിരുന്നു. ഇരുവരും ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്.
പ്ലസ് വൺ വിദ്യാർഥിയായ ചിന്മയി നായർ സംവിധാനം ചെയ്ത ചിത്രമാണ് ‘ക്ലാസ് ബൈ എ സോള്‍ജിയര്‍. വിജയ് യേശുദാസ് ആണ് നായകനായി എത്തുന്നത്. കോട്ടയം ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ആണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി മാറിയിരിക്കുന്നത് .
മലഞ്ചരക്ക് വ്യാപാരിയായ സി.ഡി. ബിനോനിയുടെയും സജിനയുടെയും മകൾ ധനലക്ഷ്മി കുട്ടമത്ത് ഗവൺമെൻ്റ് ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ചിത്രരചന, ഇന്ദ്രജാലം, കരകൗശലം, അഭിനയം, ആലാപനം, സാഹിത്യം എന്നീ മേഖലകളിലെ മികവിനാണ് ധനലക്ഷ്‌മി ഉജ്വലബാല്യം പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ജയൻ – മഞ്‌ജു ദമ്പതികളുടെ മകൻ മാധവ് അടിമാലി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ചിത്രകലയിലെ അസാധാരണ മികവിനാണ് മാധവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. സംവിധായകനായ അച്ഛൻ ചിറക്കടവ് പനിയാനത്ത് അനിൽരാജിൽ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങൾ പഠിച്ചത്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ അനിൽരാജിന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു.
