News
‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്; വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ചിരഞ്ജീവി
‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്; വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ചിരഞ്ജീവി
തെന്നിന്ത്യന്‍ സിനിമയില്‍ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും ട്രാക്കില്‍ തന്നെയാണ് ചിരഞ്ജീവി. തൊണ്ണൂറുകളിലെ ഊര്‍ജ്ജസ്വലനായ ആ പഴയ സൂപ്പര്‍സ്റ്റാറിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാള്‍ട്ടര്‍ വീരയ്യയുടെ ട്രെയ്ലറും. സിനിമകളുടെ കലാമൂല്യത്തേക്കാള്‍ സാമ്പത്തിക വിജയത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് നടന് പറഞ്ഞു.
‘എന്റെ മിക്ക വാണിജ്യ സിനിമകള്‍ക്കും നല്ല പ്രദര്‍ശനം ലഭിക്കുന്നു. പ്രേക്ഷകരോ എന്റെ ആരാധകരോ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിച്ചാണ് ഞാന്‍ ഓരോ സീനും അഭിനയിക്കുന്നത്. വ്യക്തിപരമായി, വ്യത്യസ്തമായ വേഷങ്ങളില്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരീക്ഷണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
അതുകൊണ്ടാണ് നിങ്ങള്‍ എന്നെ ക്രുഷി, ആപത്ബാന്ധവഡു, മന്ത്രിഗരി വിയ്യാന്‍കൂട് എന്നിവയില്‍ കണ്ടത്. എന്നിരുന്നാലും, കാലക്രമേണ, ആത്മസംതൃപ്തി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് നല്‍കുകയാണ് പ്രധാനമെന്ന് ഞാന്‍ മനസ്സിലാക്കി. നിര്‍മ്മാതാക്കളും വിതരണക്കാരും സുരക്ഷിതരായിരിക്കണം, അതാണ് എന്നെ വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.’
ദൃശ്യവും വിക്രവും പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും സംവിധായകനാകുന്നത് സ്വപ്നം കാണുകയാണെന്നും ചിരഞ്ജീവി പറഞ്ഞു. ‘ഞാന്‍ ‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് എപ്പോള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഞാന്‍ ഒരു സംവിധായകന് ആകുന്നതിനേക്കുറിച്ചും ആളുകള്‍ ചോദിക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാലം ഞാനും സ്വപ്നം കാണുന്നുണ്ട്.’ ഒടിടി പ്ലേയോട് സംസാരിക്കുകയായിരുന്നു നടന്.
