‘വിളിച്ചാല്‍ അപ്പോ ഇറങ്ങും, വാര്‍ത്ത നേരാകാന്‍ സെൻ്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’: ചെമ്പന്‍ വിനോദ്..
സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിൽ വില്ലൻ്റെ കൂട്ടാളിയായി മലയാളി താരം ചെമ്പൻ വിനോദ് എത്തുന്നെന്ന വാര്‍ത്ത നിഷേധിച്ച് താരം രംഗത്ത്. എ ആര് മുരുഗദോസ്സിൻ്റെ സംവിധാനത്തില്‍ രജനികാന്ത് മുഖ്യ വേഷത്തിൽ ഒരു ദര്‍ബാറിൽ ചെമ്പൻ വിനോദ് വില്ലൻ വേഷത്തിലെത്തുന്നെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. മുംബൈയിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയിയെ നായകനാക്കി എ ആര് മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.
ഈ വാര്‍ത്തയോട് ചെമ്പൻ വിനോദ് പ്രതികരിച്ചത് ഇങ്ങനെ, ഈ വാര്‍ത്ത എവിടെ നിന്ന് വന്നതാണെന്ന് അറിയില്ല, പലരും വിളിക്കുന്നുണ്ട്. ദര്‍ബാറിൻ്റെ ഒരു ഫാന്‍ മേയ്ഡ് പോസ്റ്റ് ഷെയര്‍ കുറച്ച് ദിവസം മുമ്പ് ചെയ്തിരുന്നു. ഞാനും ഈ രജനി ചിത്രത്തിനായി കട്ട വെയ്റ്റിംഗിലാണ്. ചെമ്പൻ വിനോദ് ഒരു ഓൺലൈൻ പോര്‍ട്ടലിനോട് വ്യക്തമാക്കി. ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണെന്ന് കണ്ട് ഞാന്‍ ഫേസ്ബുക്കില്‍ നിന്ന് ആ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തതുമാണെന്നും ഇതാണ് ദര്‍ബാര്‍ എന്ന സിനിമയുമായി എനിക്കുള്ള ബന്ധമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതുവരെ ആ സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ലെന്നും പക്ഷേ വിളിച്ചാല്‍ അപ്പോ ഇറങ്ങാന്‍ റെഡിയായിരിക്കുകയാണെന്നും താരം പറഞ്ഞു. ഏതായാലും ഈ വാര്‍ത്ത നേരാകാന്‍ സെൻ്റ് ജോര്‍ജ്ജ് പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ വാര്‍ത്ത എങ്ങനെ എങ്കിലും സത്യമാകട്ടെയെന്നും ചെമ്പൻ വിനോദ് പറഞ്ഞു.
ചിത്രത്തിൽ രജനികാന്ത് പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്ത്തകനായിട്ടുമാണ് അഭിനയിക്കുന്നത്. ഡിസിപി മണിരാജ് എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തിൻ്റെ ആദ്യ പകുതിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പോലീസ് ഓഫീസറായും രജനികാന്ത് പ്രത്യക്ഷപ്പെടും. നയൻതാരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന് ദര്‍ബാര്‍ എന്ന പേര് നൽകിയിരിക്കുന്നത് കോടതി എന്ന അര്‍ത്ഥത്തിലാണെന്നാണ് സൂചന. ചിത്രത്തിൽ മലയാളി താരം നിവേദ രജനികാന്തിൻ്റെ മകളായി അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുങ്ങുന്നത്.
Chemban Vinod says about his next project..
