Malayalam
ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത?; മോഹൻലാലിനെ അധിക്ഷേപിച്ച് ചെകുത്താൻ, പരാതിയുമായി സിദ്ദിഖ്; കേസായതോടെ ഒളിവിൽ!
ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത?; മോഹൻലാലിനെ അധിക്ഷേപിച്ച് ചെകുത്താൻ, പരാതിയുമായി സിദ്ദിഖ്; കേസായതോടെ ഒളിവിൽ!
കേരളക്കരയെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടൽ. അതിന്റെ ഭീകരതയുടെ നടുക്കത്തിൽ നിന്നും കരകയറാൻ മലയാളികൾക്കോ വയനാട്ടുകാർക്കോ സാധിച്ചിട്ടില്ല. ഈ വേളയിൽ വയനാട്ടിലുള്ളവർക്ക് സഹായഹസ്തവുമായി എത്തിയ വ്യക്തിയായിരുന്നു നടനും ലെഫ്റ്റനന്റ് കേണലും കൂടിയായ മോഹൻലാൽ. സൈനിക യൂണിഫോമിലായിരുന്നു മോഹൻലാൽ ദുരന്തമുഖത്തെത്തിയത്.
താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി ഈ സംഘത്തിലെ അംഗമാണ് താനും. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താൻ വന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
എന്നാൽ ഇതിന് പിന്നാലെ മോഹൻലാലിനെ സ്ഥിരം അധിക്ഷേപിച്ച് രംഗത്തെത്താറുള്ള ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. തിരുവല്ല സ്വദേശിയായ അജു അലക്സ് മോഹൻലാലിന്റെ വയനാട് സന്ദർശനത്തിന് ശേഷം കടുത്ത അധിക്ഷേപമാണ് നടത്തിയത്.
സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടി നടൻ സിദ്ധിക്കിന്റെ പരാതിയിലാണ് നടപടി.
മോഹൻലാലിനെതിരായ അജു അലക്സിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;
ഇത്രേം പട്ടാളക്കാർ ഒരാളുടെ പിറകെ, അതും ദുരിദ മുഖത്ത്, രക്ഷ പ്രവർത്തണത്തിന് ഇടയിൽ. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട സെൽഫി ആൻഡ് ഫോട്ടോഷൂട്ട് വിത്ത് എ സെലിബ്രിറ്റി പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്ത പോലെ തോന്നുന്നു. ഒരു സെലിബ്രിറ്റിക്ക് മണിക്കൂറുകളോളം രക്ഷാപ്രവർത്തനത്തേക്കാൾ മുൻഗണന നൽകുന്നത് നിർണായക സമയവും പണവും പാഴാക്കലാണ്.
എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയിൽ മോഹൻലാൽലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊർജം ഓക്കെ ഉണ്ടാക്കാൻ ഒരു സിനിമാനടൻ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തിൽ മോഹൻലാൽ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?
പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവിൽ കൂടുതൽ കൊടുത്തത് മോഹൻലാലോ അതോ പൊതുജനമോ അതോ ഗവൺമെന്റോ? കൂട്ടത്തിൽ ഏറ്റവും മികച്ച സൈനികൻ അല്ലങ്കിൽ ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവർത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതിൽ ഉള്ള നേട്ടം? രക്ഷ പ്രവർത്തനത്തിൽ ഇയാൾ വരുത്തിയ മാറ്റം അല്ലെങ്കിൽ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയിൽ കാണാം.
എന്താണ് സംഭാവന എന്ന് മോഹൻലാൽ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്. അത് കൊടുക്കാൻ പോയതാണെങ്കിൽ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിർവഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്? റിട്ടയർമെന്റ് പ്രായം കഴിഞ്ഞവർ ഇങ്ങനെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നത് പ്രയോഗിക്കാം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാർ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാർ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്?’, എന്നായിരുന്നു പോസ്റ്റ്.
നഷ്‌ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. ഇനി മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിൽ 3 കോടി നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും, വെള്ളാർമല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ അറിയിച്ചു.