Actor
സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് കയറിപ്പിടിച്ചു; നടനെതിരെ വടക്കാഞ്ചേരിയിലും കേസ്
സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് കയറിപ്പിടിച്ചു; നടനെതിരെ വടക്കാഞ്ചേരിയിലും കേസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് മുകേഷിനെതിരെ വെളിപ്പെടുത്തലുകളുമായി ജൂനിയർ ആർട്ടിസ്റ്റുകളും നടിമാരും രംഗത്തെത്തുന്നത്. ഇപ്പോഴിതാ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസുള്ളതായാണ് പുറത്ത് വരുന്ന വിവരം.
13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. മുകേഷ് കയറിപ്പിടിച്ചെന്നാണു നടിയുടെ മൊഴി.
കേസ് എടുത്തെങ്കിലും തുടരന്വേഷണം പ്രത്യേകസംഘമാണു നടത്തുക. മുകേഷിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. പീഡനം നടന്നതായ മൊഴിയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ മരടിലുള്ള വില്ലയിൽ ഇന്നലെ തെളിവെടുപ്പ് നടത്തി. മുകേഷിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനാണു നീക്കം. തിങ്കളാഴ്ചയാണു മുകേഷിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കുക.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണു സിപിഎം നിലപാട്. കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.
തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം.
മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്നു അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്.
പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐ പി എസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.
