News
ബിടിഎസ് താരങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തില്‍; 2025ല്‍ വീണ്ടും ഒന്നിക്കും
ബിടിഎസ് താരങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തില്‍; 2025ല്‍ വീണ്ടും ഒന്നിക്കും
ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ ബാന്‍ഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളുളള ബാന്‍ഡിലെ ഷുഗ, ജെഹോപ്പ്, ജിന്‍ എന്നിവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിലാണ്. ഇപ്പോഴിതാ, ഇവര്‍ക്ക് പിന്നാലെ ബാക്കിയുള്ള നാലുപേരും സൈനിക സേവനത്തിന് പോകുന്നതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എം, ജിമിന്, വി, ജങ്കൂക്ക് എന്നിവര്കൂടിയാണ് സൈനിക സേവനത്തിന് പോകുന്നത്.
ബിഗ് മ്യൂസിക് ബാന്‍ഡായ ഇവര്‍ തങ്ങളുടെ വേവേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാലുപേരും സൈനിക സേവനത്തിലുള്ള തയ്യാറെടുപ്പിലാണെന്നും കൂടുതല്‍ അപ്ഡേറ്റുകള് യഥാസമയം അറിയിക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
നാലുപേരും അവരുടെ സൈനിക സേവനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിവരുന്നത് വരെ എല്ലാവരുടെയും സ്നേഹവും പിന്തുണയും കൂടെ ഉണ്ടാകണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ബിടിഎസ് ടീമില്‍ നിന്നും ആദ്യം സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. 2022 ഡിസംബര്‍ 13നായിരുന്നു നിര്‍ബന്ധിത സൈനിക സേവനത്തിന് പോയത്. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെഹോപ്പും സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാനായി പോകുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. ബിടിഎസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് പറഞ്ഞിരുന്നത്.
