News
തമിഴ് ഹാസ്യനടന്‍ ബോണ്ടാ മണി അന്തരിച്ചു
തമിഴ് ഹാസ്യനടന്‍ ബോണ്ടാ മണി അന്തരിച്ചു
പ്രശസ്ത തമിഴ് ഹാസ്യനടന്‍ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 60 വയസായിരുന്നു. ശ്രീലങ്കന്‍ സ്വദേശിയായ ബോണ്ട മണി 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
അതിനു ശേഷം ചെറിയ വേഷങ്ങളില്‍ തുടങ്ങി വിവിധ വേഷങ്ങള്‍ ചെയ്ത് ഹാസ്യ നടനായി പ്രശസ്തനായി. ‘സുന്ദര ട്രാവല്‍സ്’, ‘മരുത മല’, ‘വിന്നര്‍’, ‘വേലായുധം’, ‘സില്ല’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. 2019ല്‍ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വടിവേലുവിനൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിലായതിനാല്‍ മാസത്തിലൊരിക്കല്‍ ഡയാലിസിസിനായി ആശുപത്രിയില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ഡിസംബര്‍ 23 രാത്രി 11.30ന് പല്ലാവരത്തിനടുത്ത് ബോഴിച്ചാലൂരിലെ വീട്ടില്‍വെച്ച് ബോണ്ട മണി പെട്ടെന്ന് ബോധരഹിതനായി. ബന്ധുക്കള്‍ അദ്ദേഹത്തെ ആംബുലന്‍സില്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അപ്പോഴേക്കും മരിച്ചതായി അറിയിച്ചു.
