Malayalam
സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണ്, അത് പരിഗണിച്ചില്ല എന്നതിൽ നിരാശയുണ്ട്; ബ്ലെസി
സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണ്, അത് പരിഗണിച്ചില്ല എന്നതിൽ നിരാശയുണ്ട്; ബ്ലെസി
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന പുരസ്കാര വേളയിൽ ആടുജീവിതം വിജയം കൈവരിച്ചത്. പിന്നാലെ ആടുജീവിതത്തിന് ലഭിച്ച പുരസ്‌കാരനേട്ടത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് സംവിധായകൻ ബ്ലെസിയും രംഗത്തെത്തിയിരുന്നു. എആർ റഹ്മാൻ ആയിരുന്നു ആട്ജീവിതത്തിന്റെ സംഗീത സംവിധായകൻ.
ഇപ്പോഴിതാ സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണെന്നും അത് പരിഗണിച്ചില്ല എന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ ബഹുമതി എന്ന നിലയിൽ അവാർഡ് ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഒൻപതോളം അവാർഡുകൾ ചിത്രത്തിന് ലഭിക്കുന്നു.
ഇത് മൂന്നാം തവണയാണ് എനിക്ക് മികച്ച സംവിധായകനുള്ള അവാർഡ് ലഭിക്കുന്നത്. ഹാട്രിക് ആണെന്ന് പറയാം. നവാഗത സംവിധായകൻ എന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എട്ട് സിനിമ ചെയ്തപ്പോൾ നാല് പുരസ്‌കാരം ലഭിച്ചു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജൂറിയുടെ തീരുമാനങ്ങൾക്ക് എതിരെ സംസാരിക്കുന്നതിൽ അർത്ഥമില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ഗോകുലിന് ലഭിച്ച പ്രത്യേക പുരസ്‌കാരമാണ് ഏറ്റവും സന്തോഷം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ വാക്കു കേട്ട് ഭാവിയും വിദ്യാഭ്യാസവും കളഞ്ഞാണ് സിനിമയ്ക്ക് വേണ്ടി ഇറങ്ങിയത്. അത് കിട്ടാതിരുന്നെങ്കിൽ ഈ സന്തോഷം ഒന്നും ഉണ്ടാകില്ലായിരുന്നു. അവനെക്കുറിച്ച് എനിക്ക് വലിയ ഉത്തരവാദിത്വമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മികച്ച നടനും സംവിധായകനും ഉൾപ്പടെ ഒൻപത് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. കൂടാതെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ആടുജീവിതത്തെ തെരഞ്ഞെടുത്തു. നജീബിന്റെ മരുഭൂമിയിലെ ദുരിതജീവിതത്തെ മനോഹരമായി അവതരിപ്പിച്ചതിന് പൃഥ്വിരാജിനാണ് മികച്ച നടനുള്ള അവാർഡ്. ബ്ലെസിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.
ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.ആടുജീവിതത്തിനായി കാമറ ചലിപ്പിച്ച കെ എസ് സുനിലിനും ശബ്ദ മിശ്രണം നിർവഹിച്ച റസൂൽ പൂക്കുട്ടി, ശരത് മോഹൻ എന്നിവരും പുരസ്‌കാരം നേടി. രഞ്ജിത് അമ്പാടി മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചു. കളറിസ്റ്റ് വൈശാഖ് ശിവ ഗണേഷ്.