എനിക്ക് ആ ആഗ്രഹം ഉണ്ടാക്കി തന്നത് മഞ്ജു ചേച്ചിയാണ്,’ ബിന്ദു കൃഷ്ണ പറയുന്നു
കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ബിന്ദു കൃഷ്ണ. വർഷങ്ങളായി സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായി നിൽക്കുകയാണ് താരം. തെങ്കാശിപ്പട്ടണം, ഇഷ്ടം, മേഘമൽഹാർ, അപ്പോത്തിക്കിരി, കരിങ്കുന്നം 6s, എന്നിങ്ങനെ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ ബിന്ദുവിന് സാധിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധേയ പരമ്പരകളുടെയും ഭാഗമായിട്ടുള്ള താരം നിലവിൽ മഞ്ഞിൽ വിരിഞ്ഞ പൂവ്, സീത രാമം തുടങ്ങിയ പരമ്പരകളിൽ അഭിനയിക്കുകയാണ്.
അതിനിടെ, ബിന്ദു കൃഷ്‍ണയുടെ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ഇൻഡസ്ട്രിയിലേക്കുള്ള കടന്നു വരവിനെ കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് ബിന്ദു കൃഷ്ണ. മഞ്ജു വാര്യരാണ് നടിയാകാനുള്ള തന്റെ പ്രചോദനമെന്നാണ് ബിന്ദു പറയുന്നത്. സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘ഒരു നടിയാകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അത് കുറച്ചുകൂടെ എളുപ്പമാണ്. ഞാൻ പാലക്കാട് ഒരു സാധാരണ ഗ്രാമത്തിൽ വളർന്ന കുട്ടിയാണ്. ഞാൻ എന്റെ വീട്ടിൽ ഒരു ആഗ്രഹം പറയുമ്പോൾ തന്നെ എല്ലാവരും ചിരിക്കുകയായിരുന്നു. അവർക്കൊക്കെ തമാശ ആയിരുന്നു. പക്ഷേ എന്റെ മനസ്സിൽ വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് ആ ആഗ്രഹം ഉണ്ടാക്കി തന്നത് മഞ്ജു ചേച്ചിയാണ്,’ ബിന്ദു കൃഷ്ണ പറഞ്ഞു.
മഞ്ജു വാര്യരെ ഭയങ്കര ഇഷ്ടമാണ്. ഈ പുഴയും കടന്ന് എന്ന സിനിമ കണ്ടപ്പോഴാണ് എനിക്കും അഭിനയിക്കണം എന്ന് തോന്നുന്നത്. ആ മോഹം ഉണ്ടാകുന്നത് അപ്പോഴാണ്. ഒരു സ്വപ്നമുണ്ടെങ്കിൽ നമ്മൾ ഹാർഡ് വർക്ക് ചെയ്യണം എന്ന് പറയില്ലേ. അങ്ങനെ ചെയ്തു. അതിനിടെ ഒരു ഫാമിലി ഫ്രണ്ടാണ് ഒരു ടെലിഫിലിമിലേക്ക് എന്നെ വിളിച്ചത്. പിന്നീടാണ് ഓരോ അവസരങ്ങളായി വന്നതെന്നും നടി പറഞ്ഞു.
കരിങ്കുന്നം സിക്സസ് എന്ന സിനിമ ചെയ്തപ്പോൾ മഞ്ജു ചേച്ചിയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞിരുന്നു അപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ടെക്സ്റ്റ് ചെയ്യും. പണ്ട് ചേച്ചിക്ക് എഴുതിയ കുറെ കത്തുകളും പേപ്പർ കട്ടിങ്‌സുകളും ഒക്കെയുണ്ട്. അതൊക്കെ ഞാൻ കാണിച്ചു കൊടുത്തിട്ടുണ്ട്. അത്രയ്ക്കും ഒരു ആരാധനയാണ്. എല്ലാവരോടും ഒരുപോലെയുള്ള പെരുമാറ്റമാണ് ചേച്ചിയുടേത്. നമ്മളൊക്കെ കണ്ടു പഠിക്കേണ്ടത് ആണ്.
ഞാൻ എടുത്ത് വെച്ച പേപ്പർ കട്ടിങ്ങുകൾ ഒക്കെ കാണിച്ചപ്പോൾ ചേച്ചിക്കും ഇഷ്ടമായി. ഇഷ്ടപ്പെട്ട നായികാ എന്നതിനപ്പുറം എനിക്കൊരു ചേച്ചിയെ പോലെയാണ്. ഞങ്ങൾ തമ്മിൽ അങ്ങനെ പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും മനസ്
കൊണ്ട് ചേച്ചിയുമായി ഭയങ്കര ബന്ധമാണ് തനിക്കെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
തന്റെ കരിയറിനെ കുറിച്ചും ബിന്ദു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വിഷുവിന് ഒരു ടെലിഫിലിം ചെയ്താണ് തുടക്കം. അതിനു ശേഷം സിനിമകൾ ചെയ്തു. അങ്ങനെയാണ് സീരിയലിലേക്ക് എത്തുന്നത്. ആദ്യ സീരിയൽ ദുർഗ ആയിരുന്നു. പിന്നീട് വേറെ സീരിയലുകൾ ചെയ്തു. ഇടയിൽ കുറച്ച് സിനിമകളും. ഏകദേശം 20 വർഷമായി ഇൻഡസ്ട്രിയിൽ ഉണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എപ്പോഴും കണ്ണീർ കഥാപാത്രങ്ങളും വളരെ പാവമായതുമൊക്കെയാണ് തനിക്ക് ലഭിക്കാറുള്ളതെന്ന് നടി പറഞ്ഞു. ഈറൻ നിലാവ് എന്ന പരമ്പരയിൽ നെഗറ്റീവ് ചെയ്യാൻ അവസരം കിട്ടിയിരുന്നു. അന്ന് എല്ലാവരും അത് ചേരുന്നുണ്ട്, നന്നായി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. പരമ്പരയിൽ കാർത്തിക എന്നൊരു കഥാപാത്രമായിരുന്നു എന്റേത്. എനിക്കും ഒരു കോൺഫിഡൻസ് കിട്ടിയ വേഷമായിരുന്നു അതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.