Actress
അറിയാതെ ബബിൾഗം വിഴുങ്ങി, ഒരു മണിക്കൂറിനുള്ളിൽ മരിച്ച് പോകുമെന്ന് കൂട്ടുകാരി പറഞ്ഞു, അതോടെ ഒറ്റ അലർച്ചയായിരുന്നു, എന്റെ കരച്ചിൽ കേട്ട് ടീച്ചർമാരൊക്കെ ഓടിവന്നു; ഭാവന
അറിയാതെ ബബിൾഗം വിഴുങ്ങി, ഒരു മണിക്കൂറിനുള്ളിൽ മരിച്ച് പോകുമെന്ന് കൂട്ടുകാരി പറഞ്ഞു, അതോടെ ഒറ്റ അലർച്ചയായിരുന്നു, എന്റെ കരച്ചിൽ കേട്ട് ടീച്ചർമാരൊക്കെ ഓടിവന്നു; ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ മരണത്തെ മുഖാമുഖം കണ്ടൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ഭാവന.
അന്ന് നാലാം ക്ലാസിലോ മറ്റോ എന്തോ പഠിക്കുകയാണ്. അന്ന് ബബിൾഗം ആണ് എല്ലാവരും ഉപയോഗിക്കാറുള്ളത്. അതിൽ ബബിൾസ് പൊങ്ങി വരുന്നതാണ്. മാത്രമല്ല കുറച്ച് പശ കൂടുതലുള്ള പോലെയാണ്. വീട്ടിൽ നിന്നും ആരുമിത് വാങ്ങി തരില്ല. മാത്രമല്ല ഇത് വിഴുങ്ങിയാൽ ഒട്ടിപ്പിടിക്കുമെന്നും പിന്നാലെ മ രിച്ച് പോകുമെന്നുമാണ് കേട്ടിട്ടുള്ളത്.
അങ്ങനെ ഒരു ദിവസം സ്‌കൂളിൽ നിന്നും എനിക്കൊരു ബബിൾഗം കിട്ടി. കൂട്ടുകാര് തന്നതാണോ അതോ വാങ്ങിയതാണോ എവിടെ നിന്നാണെന്ന് ഇപ്പോഴും ഓർമ്മയില്ല. എന്തായാലും അത് വായിലിട്ട് ബബിൾസ് ഉണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വായിലിട്ട ഉടനെ ബെല്ല് അടിച്ചതോടെ ക്ലാസിൽ കയറേണ്ടി വന്നു. എന്റെ കൂടെയുള്ള ആള് അത് തുപ്പി കളഞ്ഞു. എന്നോടും കളയാൻ പറഞ്ഞെങ്കിലും താനത് കളഞ്ഞില്ലെന്നും ഭാവന പറയുന്നു.
ക്ലാസിൽ കയറി ടീച്ചർ കാണാതെ ഒളിപ്പിച്ച് വെച്ചോളാം എന്നാണ് കൂട്ടുകാരിയോട് പറഞ്ഞത്. ടീച്ചർ ക്ലാസ് എടുക്കുന്നതിനിടയിൽ ആരോ ചവയ്ക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്. ആരാണതെന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നും അറിയാത്തത് പോലെ ഇരിക്കും. എന്നിട്ട് എല്ലാവരുടെയും കൂടെ ആരാണ് ചവയ്ക്കുന്നതെന്ന് തപ്പാൻ കൂടും. ഒടുവിൽ ചവച്ചോണ്ട് ഇരുന്നതോടെ അത് വിഴുങ്ങി പോയി. അതോടെ ഒറ്റ അലർച്ചയായിരുന്നു.
വിഴുങ്ങിയാൽ മരിച്ച് പോകുമെന്നാണല്ലോ. അങ്ങനെ കരച്ചില് കേട്ട് ടീച്ചർ ഓടി വന്നു. എന്നിട്ട് നീയാണല്ലേ ചവച്ചോണ്ടിരുന്നതെന്ന് ചോദിച്ചു. മാത്രമല്ല കുടിക്കാൻ വെള്ളമൊക്കെ തരികയും എന്റെ കരച്ചിൽ കേട്ട് ടീച്ചർമാരൊക്കെ ഓടി വന്ന് അവിടൊരു ബഹളമായിരുന്നു. പ്രശ്‌നം ഒന്നുമില്ലാതെ അത് അകത്തേയ്ക്ക് പോയി.
ടീച്ചർ നോക്കുമ്പോൾ കുഴപ്പമൊന്നുമില്ലെന്ന് മനസിലായതോടെ അത് വിട്ടു. ഞാനാണെങ്കിൽ മരണത്തെ മുന്നിൽ കണ്ട് ആകെ പേടിച്ച അവസ്ഥയിലാണ്. ഇതിനിടയിൽ എന്റെ അടുത്തിരുന്ന കുട്ടി പറയുകയാണ് ബബിൾഗം കഴിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മരിക്കുക എന്ന്. ഇതോടെ വീണ്ടും താൻ കരച്ചിലായി എന്നും ഭാവന പറയുന്നു.
മാത്രമല്ല, തന്റെ അച്ഛനും അമ്മയുമൊക്കെ വന്ന് കഴിഞ്ഞാൽ ഞാൻ ബബിൾഗം കഴിച്ചിട്ടാണ് മരിച്ചതെന്ന് പറയരുതെന്ന് കൂട്ടുകാരോട് പറഞ്ഞുവെന്നും അവർ അറിഞ്ഞാൽ എനിക്ക് വഴക്ക് കേൾക്കും എന്നൊക്കെ ഞാൻ പറഞ്ഞ് കരയുകയാണ് എന്നുമാണ് താരം പറഞ്ഞത്. എന്തായാലും ഒരു മണിക്കൂറൊക്കെ കഴിഞ്ഞു. പിന്നെ വൈകുന്നേരം ആയപ്പോഴാണ് സമാധാനം ആയത്. ഇനി മരിക്കത്തില്ലെന്ന് അന്നേരം വ്യക്തമായെന്നും ഭാവന ചിരിയോടെ പറഞ്ഞു.
അതേസമയം, 2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.