Malayalam
ഈ പടം എന്റെ വലിയൊരു പ്രതീക്ഷയാണ് ഭാഗ്യലക്ഷ്മീ, ഡബ്ബിംഗ് ശരിയായില്ലെങ്കില്‍ തിയേറ്ററില്‍ കൂവല്‍ ഉറപ്പാണ്; ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ ആ നടിയെ കുറിച്ച് ഭാഗ്യലക്ഷ്മി
ഈ പടം എന്റെ വലിയൊരു പ്രതീക്ഷയാണ് ഭാഗ്യലക്ഷ്മീ, ഡബ്ബിംഗ് ശരിയായില്ലെങ്കില്‍ തിയേറ്ററില്‍ കൂവല്‍ ഉറപ്പാണ്; ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ ആ നടിയെ കുറിച്ച് ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുഖഭാവങ്ങള്‍ക്കൊപ്പം ശബ്ദവും ശരിയായാല്‍ മാത്ര അഭിനയം പൂര്‍ണതയിലെത്തൂ. ശാഭന, ഉര്‍വശി, രേവതി തുടങ്ങിയ നടിമാരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളെടുത്താല്‍ ഇവയില്‍ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്.
ശോഭനയ്ക്ക് തനിക്ക് കണ്ണടച്ച് കൊണ്ട് വേണമെങ്കിലും ഡബ് ചെയ്യാന്‍ പറ്റുമെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഉര്‍വശിക്ക് ഡബ് ചെയ്യല്‍ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഉര്‍വശിയുടെ ശരീരഭാഷയുമായി ഭാഗ്യലക്ഷ്മിയുടെ ശബ്ദം ചേര്‍ന്ന് നിന്നു. എന്നാല്‍ ഭാഗ്യലക്ഷ്മി പതറിപ്പോയത് നടി അമല അക്കിനേനിക്ക് ഡബ്ബ് ചെയ്യുമ്പോഴാണ്. അതും അമലയുടെ കരിയര്‍ ബെസ്റ്റ് സിനിമകളിലൊന്നായ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയ്ക്ക് ഡബ് ചെയ്യുമ്പോള്‍.
ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. അമലയ്ക്ക് വേണ്ടി ഡബ് ചെയ്യാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി. സാധാരണ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എപ്പോഴും വെല്ലുവിളി ആകുന്നത് അന്യഭാഷയില്‍ നിന്നുള്ള നടിമാര്‍ വരുമ്പോഴാണ്. കാരണം അവരുടെ ലിപ് മൂവ്മെന്റ് ശരിയായിരിക്കില്ല. പക്ഷെ അമല വളരെ പെര്‍ഫെക്ടായി ഡയലോഗ് പറഞ്ഞിരുന്നു. വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. മനോഹരമായി ഡബ് ചെയ്യാന്‍ ഞാന്‍ കുറേെേയറെ ബുദ്ധിമുട്ടി. സിനിമയുടെ ക്ലൈമാക്സിലും ഇതേ പോലെ പ്രശ്നം വന്നു.
ഞാനെത്ര ചെയ്തിട്ടും പെര്‍ഫെക്ട് ആകുന്നില്ല. ഞാനാണ് കൊന്നത് എന്ന് പറയുന്ന ഡയലോഗ് എത്ര നോക്കിയിട്ടും ശരിയായില്ല. അമല അഭിനിക്കുമ്പോള് അവരുടെ കവിളൊക്കെ വിറയ്ക്കുന്നുണ്ട്. എന്റെ ശബ്ദത്തില്‍ അത് വരുന്നില്ല. ബ്രേക്ക് എന്ന് പറഞ്ഞ് ഫാസില്‍ സാറും ഞാനും പുറത്തേക്ക് വന്നു. അദ്ദേഹം അപ്സെറ്റായി. ഈ പടം എന്റെ വലിയൊരു പ്രതീക്ഷയാണ് ഭാഗ്യലക്ഷ്മീ, ഡബ്ബിംഗ് ശരിയായില്ലെങ്കില്‍ തിയേറ്ററില്‍ കൂവല്‍ ഉറപ്പാണ്, ശ്രദ്ധിച്ച് ചെയ്യണമെന്ന് ഫാസില്‍ സര്.
പാച്ചിക്ക, ഒന്നാമത് ഞാന്‍ ഗര്‍ഭിണിയാണ്. കൂടുതല്‍ സ്ട്രെയ്ന്‍ ചെയ്യാന്‍ പറ്റുന്നില്ല. രണ്ടാമത് എനിക്ക് അവരോളം കഴിവില്ലായിരിക്കും, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. വേറൊരാളെക്കൊണ്ടേ ചെയ്യിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. ക്ലൈമാക്സ് സീനേ ബാക്കിയുള്ളൂ. സിനിമ മുഴുവനും വേറൊരാളെക്കൊണ്ട് ഡബ് ചെയ്യിക്കേണ്ടി വരും.
എന്തായീ പറയുന്നത് ഭാഗ്യലക്ഷ്മി, തന്നെക്കൊണ്ടേ പറ്റൂ, താന്‍ ചെയ്ത് തന്നേ പറ്റൂയെന്ന് ഫാസില്‍ സര്. അദ്ദേഹം നെഞ്ചില്‍ തടവുന്നുണ്ട്. അറ്റാക്ക് വരുമെന്ന പേടിയുണ്ട്. പത്മരാജന് സര് അറ്റാക്ക് വന്ന് മരിച്ച സമയമാണത്. ഞാന്‍ കാരണം ഒരാള്‍ക്ക് വയ്യാതെയാകുമോ എന്ന് എനിക്കും പേടിയായി. അങ്ങനെ ഒരുപാട് സ്ട്രെയ്ന്‍ എടുത്ത് ചെയ്ത സിനിമയാണ് സൂര്യപുത്രി. സമാനമായി അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ നന്ദിനിക്ക് ഡബ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതേസമയം നായികമാര്‍ സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ഭാഗ്യലക്ഷ്മി. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഇവര്‍ സംസാരിച്ചിട്ടുമുണ്ട്. പാര്‍വതി, കാവ്യ മാധവന് തുടങ്ങിയ നടിമാരെയെല്ലാം സ്വന്തം ശബ്ദം സിനിമയ്ക്ക് ഉപയോഗിക്കാന്‍ താന്‍ ഉപദേശിച്ചിരുന്നെന്ന് ഭാഗ്യലക്ഷ്മി തുറന്ന് പറയുകയുമുണ്ടായി. ഭാഗ്യലക്ഷ്മിയുടെ ഈ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
പാര്‍വതി ഡബ്ബിംഗിന് എന്റെ കൂടെ വന്നപ്പോള്‍ സ്വന്തമായി ചെയ്യണം, നിനക്ക് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. മൈക്കിന് മുന്നില്‍ നിര്‍ത്തി ഞാന്‍ പഠിപ്പിച്ച് കൊടുത്തു. പാര്‍വതിയുടെ പ്രശ്നം വളരെ ലോ വോയ്സിലേ സംസാരിക്കൂ എന്നതാണ്. ദേഷ്യപ്പെടുന്ന സീനില്‍ മുഖത്ത് എക്സ്പ്രഷനുണ്ടെങ്കിലും ശബ്ദത്തില്‍ പരിധിയില്‍ കൂടുതല്‍ മനസിലാവില്ല. കാവ്യ മാധവനെയും ഞാന്‍ ഇതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് പറഞ്ഞ് പഠിപ്പിച്ചു.
പക്ഷെ അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് കാവ്യയും പോയി. അതിലെപ്പോഴും വിജയിച്ചത് മഞ്ജു വാര്യര്‍ തന്നെയാണ്. തൂവല്‍ക്കൊട്ടാരം ചെയ്യുന്ന സമയത്താണ് മഞ്ജു ഡബ്ബിംഗ് തിയറ്ററില്‍ വന്ന് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. എനിക്ക് എന്റെ ശബ്ദം വേണമെന്ന വാശിയും ഉണ്ടായിരുന്നു. പലരും മലയാളത്തിലെ ഏറ്റവും നല്ല നടി മഞ്ജു വാര്യര്‍ ആണെന്ന് പറയുന്നു. തീര്‍ച്ചയായും മഞ്ജു നല്ല നടിയാണ്. പക്ഷെ അതോടൊപ്പം നല്ല കഴിവുള്ള ഒരുപാട് നടിമാരുണ്ട്. പലപ്പോഴും ആളുകള്‍ അത് പൂര്‍ണമായും അംഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്.
അവരുടെ ശബ്ദം തന്നെ ആയിരുന്നെങ്കില്‍ അവരെയും ആളുകള്‍ വളരെ നല്ല നടി എന്ന് പറഞ്ഞേനെ. ഉര്‍വശിയൊക്കെ എത്രയോ നല്ല കഥാപാത്രങ്ങള്‍ ചെയ്തു. പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയ ശേഷം അവര്‍ക്ക് നല്ല കഥാപാത്രം കിട്ടിയില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. മനോഹരമായ ശബ്ദമുള്ളവര്ക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു.എന്നാല്‍ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തില്‍ സംസാരിച്ചപ്പോള്‍ ആളുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നു.
