Malayalam
അടുത്ത ജനപ്രിയ നായകൻ; ദിലീപുമായി താരതമ്യം ചെയ്യുന്നതിനോട് താൽപര്യമില്ല, തന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം; ബേസിൽ ജോസഫ്
അടുത്ത ജനപ്രിയ നായകൻ; ദിലീപുമായി താരതമ്യം ചെയ്യുന്നതിനോട് താൽപര്യമില്ല, തന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം; ബേസിൽ ജോസഫ്
ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്. സംവിധായകനായി എത്തി പിന്നീട് നടനായപ്പോഴും തുടർച്ചയായ ഹിറ്റുകൾ ആണ് നടൻ സമ്മാനിച്ചത്. പോയ വർഷം തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച ബേസിൽ ഈ വർഷവും ആരംഭിച്ചിരിക്കുന്നത് നല്ല തുടക്കത്തിലാണ്. 2024 ൽ ബേസിൽ നായകനായി എത്തിയ ഏഴ് സിനിമകളിൽ ആറും ഹിറ്റായി മാറിയിരുന്നു. ജാനേമൻ, പാൽത്തൂജാൻവർ, ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂരമ്പല നടയിൽ, സൂക്ഷ്മദർശിനി എന്നീ ചിത്രങ്ങളിലാണ് 2024 ൽ ബേസിൽ തകർത്താടിയത്.
കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റുകളായ അജയന്റെ രണ്ടാം മോഷണം, വർഷങ്ങൾക്ക് ശേഷം, വാഴ എന്നീ ചിത്രങ്ങളിലെയും ബേസിലിന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ മുമ്പ് ദിലീപിന് ലഭിച്ചിരുന്നത് പോലുള്ള സ്വീകാര്യതയാണ് ബേസിലിന് ലഭിച്ചത്. ഇപ്പോഴിതാ തന്നെ നടൻ ദിലീപുമായി താരതമ്യം ചെയ്ത് ജനപ്രിയ നായകൻ എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്. പ്രാവിൻകൂട് ഷാപ്പ് ടീമിന്റെ പ്രസ്മീറ്റിലായിരുന്നു ബേസിൽ താരതമ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടാനൊരു കാരണമുണ്ട്. നമ്മളൊക്കെ ചെറുപ്പകാലം മുതൽ കണ്ട സിനിമകളിലൂടെ ഉണ്ടാക്കിയെടുത്ത പേരാണ്. എന്നെ ഇഷ്ടപ്പെടുന്നുവെന്നതിൽ സന്തോഷം. പക്ഷെ എന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതിൽ സന്തോഷം. പക്ഷെ അദ്ദേഹത്തിന്റെ ലെഗസി അദ്ദേഹം മാത്രമായി ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് താൽപര്യമില്ല എന്നാണ് നടൻ പറഞ്ഞത്.
അതേസമയം, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ പ്രാവിൻകൂട് ഷാപ്പ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബേസിലിനെ കൂടാതെ സൗബിൻ ഷാഹിർ, ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കുഞ്ഞിരാമായണത്തിലൂടെ 2015-ലാണ് ബേസിൽ ജോസഫ് എന്ന സംവിധായകൻ പ്രേക്ഷകർക്കുമുൻപിൽ ആദ്യമെത്തുന്നത്. സിനിമയിൽ ഒരു പതിറ്റാണ്ട് തികയുമ്പോൾ ഹിറ്റ് സംവിധായകനും സൂപ്പർഹിറ്റ് നടനുമാണ് ബേസിൽ. ഒന്ന് മറ്റൊന്നിൽനിന്ന് വേറിട്ടുനിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ. എന്നാൽ അവയിലൊക്കെയുണ്ട് രസിപ്പിക്കുന്ന ഒരു ബേസിൽ ടച്ച്.
സംവിധാനമോ അഭിനയമോ എന്ന് ചോദിച്ചാൽ നിസ്സംശയം സംവിധാനം തന്നെ ബേസിൽ തിരഞ്ഞെടുക്കും. അതിനുള്ള കാരണവും ബേസിൽ തന്നെ പറയുന്നുണ്ട്. അതിനുവേണ്ടിയാണ് ഞാൻ സിനിമയിലേക്കെത്തിയത്. എന്നെ മുന്നോട്ടേക്ക് നയിക്കുന്നതും സംവിധാനത്തോടുള്ള ഇഷ്ടംതന്നെയാണ്. തീർച്ചയായും ഒരു അഭിനേതാവ് എന്ന പ്രൊഫൈലും എന്റെ വളർച്ചയും ഇപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷകളുമൊക്കെ എന്നെ ആവേശംകൊള്ളിക്കുന്നുണ്ട്.
എന്നാൽ സംവിധായകൻ അഥവാ ‘ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ്’ എന്ന് പറയുന്ന ഉത്തരവാദിത്വത്തിന്റെ എക്സൈറ്റ്മെന്റുണ്ടല്ലോ, അത് വേറെത്തന്നെയാണ്. അമ്മ കുഞ്ഞിന് ജന്മംനൽകുന്നതുപോലെയാണ്… ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ജീവിക്കുമ്പോഴുമൊക്കെ സിനിമ തലയിലുണ്ട്. ക്യാമറയ്ക്കുമുൻപിൽ മറ്റൊരാളായി ജീവിക്കുന്നതും ഞാൻ ആസ്വദിക്കാറുണ്ട്.
എങ്ങനെ നോക്കിയാലും സംവിധാനംചെയ്യുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ലെന്നാണ് ബേസിൽ പറയുന്നത്. രണ്ടും ഒന്നിച്ച് മാനേജ് ചെയ്യുന്നത് ഇപ്പോൾ ബുദ്ധിമുട്ടാവുന്നുണ്ട്. ഏതെങ്കിലുമൊന്ന് നിർത്തിവെച്ചാലേ മറ്റേത് തുടങ്ങാൻ പറ്റുള്ളൂ എന്ന അവസ്ഥ. രണ്ടും ഒരുപോലെ കൊണ്ടുപോകുന്ന രീതി ഇനി നടക്കില്ല. അഭിനയത്തെയും സംവിധാനത്തെയും അത് ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.
