Malayalam
‘ബറോസി’ന് സംഗീതമൊരുക്കുന്നത് 18കാരന് ലിഡിയന് നാദസ്വരം
‘ബറോസി’ന് സംഗീതമൊരുക്കുന്നത് 18കാരന് ലിഡിയന് നാദസ്വരം
മലയാളികളുടെ സ്വനംത മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് ഈയിടെ നടന്നു. 18കാരന് ലിഡിയന് നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി പ്രവര്‍ത്തിച്ചതിലുള്ള സന്തോഷം അറിയിച്ചിരിക്കുകയാണ് ലിഡിയന് ഇപ്പോള്‍.
അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച മത്സരാര്‍ത്ഥിയാണ് ലിഡിയന് നാദസ്വരം. ഓര്‍ക്കസ്ട്രല്‍ റെക്കോര്‍ഡിങ് ആണ് ബറോസിനായി ലിഡിയന് ചെയ്തത്.ഇതിന്റെ ഒരു വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ കഴിഞ്ഞദിവസം പുറത്തുവിട്ടു. ലോകത്തിലെ എല്ലാ സംഗീത പ്രേമികള്‍ക്കും സംഗീത സംവിധായകര്‍ക്കും മഹാന്മാരായ സംഗീതജ്ഞരോടുമുള്ള തന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നതായി ലിഡിയന് വീഡിയൊക്കൊപ്പം കുറിച്ചു.
മാസിഡോണിയയിലെ സ്കോപ്ജെയില്‍ എത്തി ഇങ്ങനെയൊരു റെക്കോര്‍ഡിങ് സെഷന് നടത്താനായത് ഒരു ബഹുമതിയായി കാണുകയും സന്തോഷംകൊള്ളുകയും ചെയ്യുന്നു. ഇത് സാധ്യമാക്കിയതില്‍ ആന്‍ഡ്രൂ ടി മക് കേയോട് ഒരുപാട് നന്ദിയുണ്ട്. സെഷനില്നിന്നുള്ള ചെറിയൊരു ഭാഗം ഇവിടെ നല്കുന്നു. എന്റെ സംഗീതജീവിതത്തിന് എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാവണം. ലിഡിയന് കൂട്ടിച്ചേര്‍ത്തു.
ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.
ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്ധരും ബറോസിന്റെ ഭാഗമായുണ്ട്. നേര്, മലൈക്കോട്ടൈ വാലിബന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. 2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.170 ദിവസത്തോളമായിരുന്നു ചിത്രീകരണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സന്തോഷ് ശിവന് ക്യാമറയും സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.
