ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ഒരാൾ ചോദിച്ചോ?
തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബാലയാണ് ഇന്നലെ മുതൽ സോഷ്യൽമീഡിയയിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുന്നത്. യുട്യൂബറായ ചെകുത്താനെ വീട്ടിൽ കയറി ഭീഷണപ്പെടുത്തി എന്നതിന്റെ പേരിലാണ് ബാല ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയകളിൽ നിറയുന്നത്. പലപ്പോഴായി ബാലയേയും ഭാര്യയേയും മോഹൻലാൽ അടക്കമുള്ള സിനിമാക്കാരെയും ചെകുത്താൻ എന്ന യുട്യൂബർ വീഡിയോ വഴി പരസ്യമായി അപമാനിച്ചിരുന്നു.
അതിന്റെ ഫലമായിട്ടാണ് ബാല ചെകുത്താൻ എന്ന അജു അലക്സിന്റെ ഫ്ലാറ്റിലേക്ക് ആറാട്ട് അണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയേയും കൊണ്ട് ചെന്നത്. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് ഉപദേശം കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും ബാല പിന്നീട് വ്യക്തമാക്കിയിരുന്നു.
എന്നാൽ താൻ റൂമിൽ ഇല്ലാതിരുന്നതിനാൽ സുഹൃത്തിനെതിരെ ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ചെകുത്താൻ പോലീസിൽ പരാതിപ്പെട്ടപ്പോൾ പറഞ്ഞത്. തന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നതെന്നും വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞുവെന്നും. കൂടെ രണ്ട് ഗുണ്ടകൾ ഉണ്ടായിരുന്നുവെന്നും ചെകുത്താൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സംഭവം വലിയ ചർച്ചയായതോടെ റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധനേടിയിട്ടുള്ള സ്ക്രീട്ട് ഏജന്റ് എന്ന സായ് ബാലയെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചെകുത്താനെ പോലുള്ളവർ സമൂഹത്തിലുള്ളപ്പോൾ മക്കളെ സ്കൂളിൽ വിട്ടിട്ടും കാര്യമില്ലെന്നും അവരെല്ലാം ഇത്തരക്കാരെ കണ്ടല്ലേ പഠിക്കുക എന്നുമാണ് ബാല സായിയോട് സംസാരിക്കവെ പറഞ്ഞത്.ചെകുത്താൻ പറഞ്ഞതിൽ പലതും നുണയാണെന്നും എല്ലാത്തിനുമുള്ള തെളിവുകൾ വീഡിയോയാക്കി പകർത്തിയ ശേഷമാണ് ചെകുത്താൻ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയതെന്നും ബാല പറഞ്ഞു. തന്റെ സുരക്ഷയ്ക്ക് ആവശ്യമായ തെളിവുകൾ ഉണ്ടെന്നും അതൊന്നും ഇല്ലാതെ തിരികെ വരാൻ താൻ പൊട്ടനല്ലെന്നും ബാല പറഞ്ഞു. ചെകുത്താന്റെ വീഡിയോകൾ നിറയെ ചീത്ത വാക്കുകളാണെന്നും ചെറിയ കുഞ്ഞുങ്ങൾ വരെ യുട്യൂബിൽ സജീവമായിരിക്കുന്ന ഈ കാലത്ത് ചെകുത്താനെ പോലുള്ളവരുടെ വീഡിയോ കാണുമ്പോൾ പേടിയുണ്ടെന്നും ബാല പറഞ്ഞു.
തന്റെ ഭാഗം ആളുകളെ അറിയിക്കാൻ വേണ്ടി കോൾ റെക്കോർഡ് ചെയ്ത് പബ്ലിഷ് ചെയ്യാനുള്ള സമ്മതവും സ്ക്രീട്ട് ഏജന്റ് എന്ന സായിക്ക് ബാല നൽകിയിരുന്നു. അത് പ്രകാരമാണ് ബാലയുടെ കോൾ റെക്കോർഡ് സായ് പുറത്തുവിട്ടത്.
തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും ബാല ഫോൺ കോളിനിടെ സംസാരിച്ചു. അമൃതയുമായുള്ള വിവാഹബന്ധം തകർന്നതിന് കുറിച്ചാണ് ബാല സംസാരിച്ചത്. ഞാൻ എന്റെ പേഴ്സണൽ ലൈഫ് പറയട്ടെ… ഇത്രയേറെ യുട്യൂബേഴ്സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ഒരാൾ ചോദിച്ചോ? എന്നാണ് സായിയോട് ബാല ചോദിച്ചത്.
താൻ ഒരിക്കൽ ചോദിച്ചുവെന്ന് സായ് പറഞ്ഞപ്പോൾ നിനക്ക് ഞാൻ ഉത്തരം പറഞ്ഞ് തന്നോ എന്നാണ് ബാല തിരികെ ചോദിച്ചത്. ഇല്ല എന്നായിരുന്നു സായിയുടെ മറുപടി. ‘ഞാൻ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. ചില സമയം നമ്മൾ തോറ്റുകൊടുക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. അവർ വിജയിക്കാൻ വേണ്ടിയാണ്’, എന്നാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് വിശദീകരിച്ച് ബാല പറഞ്ഞത്.
അമൃതയ്ക്കൊപ്പമാണ് ബാലയുടെ മകൾ അവന്തികയുടെ താമസം. ബാല കരൾ രോഗം മൂലം ആശുപത്രിയിലായിരുന്നപ്പോൾ മകൾ ബാലയെ കാണാൻ എത്തിയിരുന്നു. അമൃതയിപ്പോൾ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.
ബാല രണ്ട് വർഷം മുമ്പാണ് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ ബാല ഇടയ്ക്കിടെ താനുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും പങ്കിടാറുണ്ട്. നിരവധി പേരെ തന്നാൽ കഴിയും വിധം സഹായിക്കാനും നടൻ ശ്രമിക്കാറുണ്ട്.