Malayalam
ചില നടീനടന്‍മാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, സഹകരിക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തും; താരങ്ങള്‍ക്കെതിരെ ബി ഉണ്ണികൃഷ്ണന്‍
ചില നടീനടന്‍മാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, സഹകരിക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തും; താരങ്ങള്‍ക്കെതിരെ ബി ഉണ്ണികൃഷ്ണന്‍
മലയാള സിനിമയില്‍ ചില നടീനടന്‍മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച് ചേര്‍ത്ത പ്രസ് മീറ്റില്‍ ആണ് ആരോപണം ഉന്നയിച്ചത്.
‘നടീനടന്‍മാര്‍ ഒരേ സമയം പല സിനിമകള്‍ക്ക് തീയതി കൊടുക്കുന്നുണ്ട്, ‘അമ്മ’ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. ചില അഭിനേതാക്കള്‍ എഡിറ്റ് കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു.’
‘ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുക്കുന്ന ഏത് തീരുമാനത്തോടും ഒപ്പം നില്‍ക്കാനാണ് തീരുമാനം.’
‘ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങള്‍ ബലി കഴിക്കാന്‍ സമ്മതമല്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക്ക നില്‍ക്കും. നിര്‍മ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ട്’ എന്നാണ് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കെഎസ്എംഡിസി സിനിമാ മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താന്‍ മുന്നോട്ട് വന്നതിന്റെ തുടര്‍ച്ചയെന്നോണം അത്തരം സിനിമകള്‍ തിയേറ്ററില്‍ നിലനിര്‍ത്താന്‍ കൂടി മുന്‍കൈ എടുക്കണമെന്ന അഭിപ്രായവും ഫെഫ്ക മുന്നോട്ട് വച്ചു.
