Bollywood
ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍; ‘ബ്രഹ്മാസ്ത്ര’ യുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ട് അയാന്‍ മുഖര്‍ജി
ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍; ‘ബ്രഹ്മാസ്ത്ര’ യുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ട് അയാന്‍ മുഖര്‍ജി
ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ബ്രഹ്മാസ്ത്ര’. തകര്‍ച്ചയിലേയ്ക്ക് കൂപ്പുക്കുത്തുക്കൊണ്ടിരുന്ന ബോളിവുഡ് മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന ചിത്രം കൂടിയായിരുന്നു ബ്രഹ്മാസ്ത്ര. തുടക്കം മുതല്‍ തന്നെ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു.
ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രഹ്മാസ്ത്രയ്ക്ക് തുടര്‍ഭാഗങ്ങള്‍ വരികയാണ്. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും തുടര്‍ ഭാഗങ്ങള്‍ വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം ഒരുമിച്ചാകും നടക്കുകയെന്നും അയാന്‍ മുഖര്‍ജി അറിയിച്ചു.
ആദ്യ ഭാഗത്തിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയില്‍ നിന്നാണ് 2, 3 ഭാഗങ്ങള്‍ കൂടുതല്‍ പകിട്ടോടെ എത്തിക്കാനുള്ള ഊര്‍ജം ലഭിച്ചതെന്ന് പറയുന്ന അയന്‍ മുഖര്‍ജി ഈ ഭാഗങ്ങളുടെ റിലീസ് എപ്പോഴെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്ര ട്രിലജിയുടെ ആദ്യ ഭാഗത്തിന്റെ പേര് ശിവ എന്നായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും തിയേറ്ററുകളില്‍ എത്തും.
ആദ്യ ഭാഗത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും അടുത്ത രണ്ട് ഭാഗങ്ങളുടെ തിരക്കഥയിലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നും അയാന്‍ പറയുന്നു. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാറുഖ് ഖാന്‍, മൗനി റോയ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. രണ്ടാം ഭാഗത്തില്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരും പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.