Actor
അല്ലു അര്‍ജുന്‍ ചിത്രത്തിനായി അറ്റ്‌ലി ചോദിച്ചത് 80 കോടി രൂപ; ചിത്രം തന്നെ ഉപേക്ഷിച്ച് നിര്‍മാതാക്കള്‍
അല്ലു അര്‍ജുന്‍ ചിത്രത്തിനായി അറ്റ്‌ലി ചോദിച്ചത് 80 കോടി രൂപ; ചിത്രം തന്നെ ഉപേക്ഷിച്ച് നിര്‍മാതാക്കള്‍
വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് തന്നെയായിരുന്നു. രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അറ്റലി തന്റെ കരിയര്‍ ആരംഭിച്ചത്. അദ്ദേഹം ഒടുവില്‍ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാന്‍ എന്ന ബോളിവുഡ് ചിത്രമാണ്. ഈ ചിത്രത്തിന്റെ പിന്നാലെ അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുമെന്നായിന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴിതാ നിര്‍മാതാക്കള്‍ ആ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്‌ലി പ്രതിഫലമായി ചോദിച്ചത് 80 കോടി രൂപയാണെന്നും ഇത്രയും ഭീമമായ തുക ആവശ്യപ്പെട്ടുവെന്നും ഇക്കാരണത്താലാണ് നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ ഇന്ത്യയിലെ തന്നെ വമ്പന്‍ സംവിധായകനാണ് അദ്ദേഹം.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരുടെ നിരയിലാണ് ഇപ്പോള്‍ അറ്റ്‌ലിയുടെ സ്ഥാനം. അറുപത് കോടിയാണ് അറ്റ്‌ലി അല്ലു അര്‍ജുന്‍ ചിത്രത്തിനായി ആദ്യം വാങ്ങാനിരുന്നത്. ഇത് 65 കോടിയായി ഉയര്‍ന്നു. പിന്നീട് 80 കോടി വരെ പ്രതിഫലമെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അല്ലു അര്‍ജുന്‍ ഈ ചിത്രത്തിനായി 150 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുണ്ട്. രാജമൗലിയുടെ അടുത്തെത്തിയിരിക്കുകയാണ് അറ്റ്‌ലിയുടെ പ്രതിഫലം.
വമ്പന്‍ ബജറ്റില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു അര്‍ജുന്‍-അറ്റ്‌ലി കോംബോയില്‍ വരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അറ്റ്‌ലി പല തവണ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തുകയും ചിത്രത്തിന്റെ കഥ പറയുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളായിരുന്നു അറ്റ്‌ലി. ആദ്യ സിനിമയില്‍ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് നേടിയ അറ്റ്‌ലിയ അടുത്തതായി വിജയ്‌യുടെ ‘തെരി’യാണ് സംവിധാനം ചെയ്തത്. അതിനു ശേഷം വിജയ്‌യുടെ തന്നെ മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും അറ്റ്‌ലി തന്നെ സംവിധാനം ചെയ്തു. ഒടുക്കം ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് അറ്റ്‌ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അറ്റ്‌ലി. കിംഗ് ഖാന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തിലെത്തിയത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാന്‍ നിര്‍മ്മിച്ചത്. ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
അതേസമയം ബോളിവുഡില്‍ അടക്കം അറ്റ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ ചിത്രങ്ങളാണ്. തെലുങ്ക് ചിത്രം നടന്നില്ലെങ്കിലും ഹിന്ദിയിലേയ്ക്ക് അറ്റ്‌ലി പോകാനും സാധ്യതയുണ്ട് എന്നാണ് വിവരം. ജവാന്‍ സൂപ്പര്‍ഹിറ്റായതിനാല്‍ തന്നെ ബോളിവുഡിലും സംവിധായകന് സാധ്യതകള്‍ ഏറെയാണ്.
