general
അക്കൗണ്ടില്‍ പണമില്ല; അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയ ചെക്കുകള്‍ മടങ്ങി
അക്കൗണ്ടില്‍ പണമില്ല; അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയ ചെക്കുകള്‍ മടങ്ങി
അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതായി വിവരം. അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്കുകള്‍ മടങ്ങിയത് അസം സംസ്ഥാന സര്‍ക്കാരിന് നാണത്തേടായിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍ പണമില്ല എന്ന് അറിഞ്ഞത്. ‘വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച് അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെന്നാണ് പറഞ്ഞത് അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി പിടിഐയോട് പറഞ്ഞു.
2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയത്. കൂടാതെ സിനിമയിലെ നിരവധി പ്രമുഖര്‍ക്കും ചെക്കുകള്‍ മടങ്ങിയിട്ടുണ്ട്. സംവിധായകന്‍ പ്രഞ്ജല്‍ ദേക, നടന്‍ ബെഞ്ചമിന്‍ ഡൈമറി, സൗണ്ട് ഡിസൈനര്‍ അമൃത് പ്രീതം, സൗണ്ട് എന്‍ജിനീയര്‍മാരായ ദേബജിത് ചാങ്‌മൈ, ദേബജിത് ഗയാന്‍ എന്നിവര്‍ക്കും ചെക്കുകള്‍ മടങ്ങി.
സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ സാംസ്‌കാരിക മന്ത്രി ബിമല്‍ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വീണ്ടും അവാര്‍ഡ് ജേതാക്കളോട് ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യ ദിവസം 18 ലക്ഷം രൂപയുടെ ചെക്കുകള്‍ അനുവദിച്ചിരുന്നു രണ്ടാം ദിവസമാണ് എട്ട് പേര്‍ സമര്‍പ്പിച്ച ഒന്‍പതു ചെക്കുകള്‍ മടങ്ങുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
