Malayalam
മട്ടാഞ്ചേരി മാഫിയയുടെ തലവനല്ല ഞാൻ, ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ്; മലയാള സിനിമയിലെ ലഹരി മാഫിയകളെപ്പറ്റി അന്വേഷണം വേണം; ആഷിഖ് അബു
മട്ടാഞ്ചേരി മാഫിയയുടെ തലവനല്ല ഞാൻ, ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ്; മലയാള സിനിമയിലെ ലഹരി മാഫിയകളെപ്പറ്റി അന്വേഷണം വേണം; ആഷിഖ് അബു
പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് അഷിഖ് അബു. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ, മലയാള സിനിമയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് ആഷിഖ് അബു ആണെന്നുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഈ വേളയിൽ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു.
‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു. അത് ഇന്നും ഒരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ പേരിലേയ്ക്ക് വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകും.
ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം.
ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി എന്നാണ് താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന പ്രചാരണത്തെ കുറിച്ച് ആഷിഖ് അബു പറഞ്ഞത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവെച്ചത്. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടർന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയായിരുന്നു ഇത്.
സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാൻ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യാറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ആഷിഖ് അബു രാജിവെച്ചത്.