Malayalam
ആഷിഖ് അബുവുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള
ആഷിഖ് അബുവുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള
പ്രേക്ഷകർക്കേറെ സുപരിചിതരായ താര ദമ്പതിമാരാണ് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും. നിലപാടുകൾ കൊണ്ട് താരങ്ങൾ കയ്യടി നേടാറുണ്ട്. എന്നാൽ ഇടയ്ക്ക് വെച്ച് വിമർശനങ്ങളും കേട്ടിട്ടുണ്ട്. എന്നിരുന്നാലും കൃത്യമായ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നവരാണ് രണ്ടാളും. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികൾ ഒരാൾ കൂടിയാണ് റിമ കല്ലിങ്കൽ.
22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2013ൽ നവംബർ 1ന് എറണാകുളം കാക്കനാട് രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹിതരാകുകയായിരുന്നു. ഇപ്പോഴിതാ ആഷിഖ് അബുവുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സിനിമ നിർമ്മാതാവ് സന്തോഷ് ടി കുരുവിള.
ഒപിഎം സിനിമാസ് എന്ന കമ്പനി ആഷിഖ് അബുവിനുണ്ട്. ഇപ്പോഴും ആ കമ്പനി സിനിമ എടുക്കുന്നു. നീലവെളിച്ചം എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. പുള്ളി പറഞ്ഞിട്ടാണ് ആ സിനിമയെക്കുറിച്ച് ഞാൻ സരിഗമയുമായി സംസാരിക്കുന്നത്. അങ്ങനെ അവരുമായി ഒരു ധാരണയിൽ എത്താൻ എനിക്ക് സാധിച്ചു. പക്ഷെ അവസാനം സരിഗമയ്ക്ക് പകരം പുള്ളിയുടെ ചില സുഹൃത്തുക്കൾ നിർമ്മാണ രംഗത്തേക്ക് വന്നു.
എന്നെ സംബന്ധിച്ച് അത് ശരിയായിരുന്നില്ല. ഒരാൾക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കണമെന്ന് നിർബന്ധമുള്ള വ്യക്തിയാണ് ഞാൻ. ഉദാഹരണത്തിന് ഒരാൾക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞിട്ട്, ഉടനൊന്നും കൊടുക്കാൻ സാധിച്ചില്ലെങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ആ ജോലി ഞാൻ കൊടുക്കും. അഭിനയിപ്പിക്കാൻ എന്ന് പറയുന്ന പലർക്കും അങ്ങനെ വിവിധ ചിത്രങ്ങളിൽ അവസരം നൽകുന്നുണ്ട്.
കൊടുത്ത വാക്ക് പാലിക്കാൻ കഴിയാത്തതുകൊണ്ട് ഈ സിനിമയിൽ നിന്നും ഞാൻ പിന്മാറുകയാണെന്ന് ആഷിഖ് അബുവിനെ അറിയിച്ചു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കാര്യത്തിലും ഇങ്ങനെ ഒരു കാര്യം സംഭവിച്ചതാണ്. ആ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഏഷ്യാനെറ്റിന് കൊടുക്കാമെന്ന് അവരുടെ അവാർഡ് ഷോയുടെ സമയത്ത് പറഞ്ഞതാണ്. ആഷിഖിനേയും ഇക്കാര്യം ഞാൻ അറിയിച്ചിരുന്നു.
എന്നാൽ അദ്ദേഹം റൈറ്റ് കൊടുത്തത് മനോരമയ്ക്കായിരുന്നു. മനോരമയ്ക്ക് കൊടുത്തതിൽ പ്രശ്നമുണ്ടെന്നല്ല, പറഞ്ഞതിൽ നിന്ന് മാറിയതാണ് പ്രശ്നം. പിന്നീട് ആഷിഖിന്റെ സിനിമകൾ ഏഷ്യാനെറ്റ് എടുക്കാറുണ്ടായിരുന്നില്ല. ഞാൻ പോയിട്ടാണ് ആ വിഷയം പരിഹരിച്ചത്. ആഷിഖ് ചിലപ്പോൾ നല്ലതിന് വേണ്ടിയായിരിക്കും അങ്ങനെ ചെയ്തത്. അങ്ങനെ ഞങ്ങൾ ആ സഹകരണം നിർത്തുകയായിരുന്നു.
റിമ കല്ലിങ്കൽ കാരണമാണ് ആഷിഖ് അബുവുമായി പിണങ്ങിയതെന്ന പ്രചരണം ശരിയല്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. റിമ കല്ലിങ്കൽ ഒരിക്കലും എന്നോട് ഇത്തരം കാര്യങ്ങൾ സംസാരിച്ചിട്ടില്ല. എനിക്ക് ആഷിഖുമായി യാതൊരു വിയോജിപ്പുമില്ല. ആഷിഖ് എന്ന സംവിധായകനെ, ടെക്നീഷ്യനെ ഇപ്പോഴും ഞാൻ വളരെ അധികം ബഹുമാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് പുള്ളിയാണ്.
ആ സ്നേഹവും കടപ്പാടും പുള്ളിയുമായിട്ടുണ്ട്. ഞാൻ എന്റെ കമ്പനിയുടെ പേരിലും പുള്ളി പുള്ളിയുടെ കമ്പനിയുടെ പേരിലും സിനിമ എടുക്കുന്നു. നാളെ ആഷിഖുമായി ചേരുമോ എന്ന് ചോദിച്ചാൽ ചേരാതരിക്കേണ്ട കാര്യമൊന്നും ഇല്ല. ആഷിഖുമായി ചെറിയ സാമ്പത്തിക ഇടപാടുണ്ട്. ഇന്നുവരെ അതേക്കുറിച്ച് ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. അത് ബിസിനസ് ആണ്. എനിക്ക് തരാനുള്ളതാണ്. ബിസിനസിലുണ്ടായ ചില പ്രശ്നങ്ങൾ കൊണ്ടായിരിക്കാം തരാൻ താമസിക്കുന്നതെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള. ഗ്യാങ്സ്റ്റർ, മായാനദി, മഹേഷിന്റെ പ്രതികാരം, നാരദൻ വരെ തുടങ്ങിയ സിനിമകൾ ആഷിഖ് അബുവുമായി ചേർന്ന് ചെയ്തിട്ടുള്ള നിർമാതാവാണ് അദ്ദേഹം.
