News
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു ലോ കോളേജില്‍ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ നടി അപര്‍ണ ബാലമുരളിയോട് യുവാവ് മോശമായി പെരുമാറിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണെന്നും തെഹ്ലിയ ചോദിച്ചു.
തങ്കം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജില്‍ എത്തിയപ്പോഴാണ് നടിയോട് യുവാവിന്റെ മോശം പെരുമാറ്റമുണ്ടായത്. നടിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാര്‍ത്ഥി അവരുടെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുന്നതും അപര്‍ണ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമ ചോദിച്ചു.
പിന്നീട് താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും യുവാവ് വേദിയിലെത്തി പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അപര്‍ണയ്ക്ക് ഇയാള്‍ കൈ കൊടുക്കാന്‍ ശ്രമിക്കുകയും നടി വിസമ്മതിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ വിമര്‍ശിച്ചും അപര്‍ണയെ പിന്തുണച്ചും നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളുടെ എത്തുന്നുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്പര്‍ശിക്കാന്‍ പാടില്ലെന്നും അപര്‍ണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നും പലരും അഭിപ്രായപ്പെട്ടു.