പുതിയ ചിത്രത്തിൽ ദുൽഖറിനൊപ്പം അനുഷ്ക ഷെട്ടി.
അനുഷ്ക ഷെട്ടി ദുൽഖറിനൊപ്പം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. പക്ഷേ മലയാളത്തിലല്ല. തെലുങ്കിലാണ് മലയാളത്തിന്റെ പ്രിയ യുവനായകനും തെന്നിന്ത്യന്‍ സിനിമയുടെ താര സുന്ദരിയും ഒന്നിക്കുക. ദുല്‍ഖര്‍ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രം മഹാനടിയില്‍ അനുഷ്ക ഒരു സുപ്രധാന അതിഥി വേഷത്തിലെത്തും.
തമിഴ് സിനിമയുടെ കാതല്‍ മന്നനായിരുന്ന ജമിനി ഗണേശന്റെ ഭാര്യ സാവിത്രിയുടെ കഥയാണ് മഹാനടി.
കീര്‍ത്തി സുരേഷാണ് സാവിത്രിയുടെ വേഷത്തില്‍. സാവിത്രിയുടെ സുഹൃത്തും സമകാലികയുമായ തെലുങ്ക് നടി ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്ക. ഒരു കാലത്ത് തെലുങ്ക് സിനിമയെ അടക്കി ഭരിച്ച താരസുന്ദരികളായിരുന്നു ഇരുവരും.
ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍. ചിത്രത്തില്‍ വന്‍ മേക്ക് ഓവറിലാണ് താരം. സാവിത്രി – ഗണേശന് ദാമ്പത്യ ജീവിതവും പ്രണയവുമൊക്കെ സിനിമയില്‍ ചര്‍ച്ചയാകും.
നാഗ് അശ്വിനാണ് മഹാനടിയുടെ സംവിധായകന്. വൈജയന്തി മൂവീസാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. സമന്ത രൂത്ത് പ്രഭുവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജും താരനിരയിലുണ്ട്.
ബാഗമതിയാണ് അനുഷ്കയുടെ അവസാന റിലീസ്. ഉണ്ണി മുകുന്ദന് നായകനായ ചിത്രം വിജയമായിരുന്നു. ബാഹുബലി സീരീസ് നല്കിയ ജനപ്രീതി അനുഷ്കയുടെ കരിയറില്‍ വലിയ വഴിത്തിരിവായി.
