Actress
വേദനിപ്പിക്കരുത്, രോഗബാധിതയാണ് രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുകയാണ്; തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയവരോട് അന്ന രേഷ്മ രാജന്
വേദനിപ്പിക്കരുത്, രോഗബാധിതയാണ് രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുകയാണ്; തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയവരോട് അന്ന രേഷ്മ രാജന്
മലയാളികള്‍ക്ക് അന്ന രേഷ്മ രാജന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി. സോഷ്യല്‍ മീഡിയയിലുെ വളരെ സജീവമായ അമന്നയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. എന്നാല്‍ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയിരുന്നത്.
ഇപ്പോഴിതാ തന്റെ ഡാന്‍സ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേദനിപ്പിക്കരുതെന്ന് പറയുകയാണ് നടി. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ് താനെന്ന് അന്ന പറയുന്നു. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി.
അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകള്‍ കാണാന്‍ താല്പര്യമില്ലാത്തവര് കാണേണ്ടന്നും നടി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് നടിയുടെ പ്രതികരണം.
‘നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാന്‍സ് വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.
ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമെന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ല, മറിച്ച് അഭിനിവേശമുള്ള നര്‍ത്തകി മാത്രമാണ്. പരിമിതികള്ക്കിടയില് നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അടുത്തവട്ടം ഒരു പരിമിതികളുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമെന്റ് ചെയ്യുന്ന ആരാധകര്‍ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ’, എന്നും അന്ന പറഞ്ഞു.
