Actress
ശരീരത്തിൽ പരിക്കുകളുമായി നടി! കൈറയെ എന്നെ ഏൽപ്പിച്ചതിന് നന്ദി; കൽക്കി സെറ്റിലെ കഥകളുമായി അന്ന ബെൻ
ശരീരത്തിൽ പരിക്കുകളുമായി നടി! കൈറയെ എന്നെ ഏൽപ്പിച്ചതിന് നന്ദി; കൽക്കി സെറ്റിലെ കഥകളുമായി അന്ന ബെൻ
കൽക്കി 2898 എഡി ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിൽ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൈറ എന്ന കഥാപാത്രമായി നടി അന്ന ബെന്നും എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ കൽക്കിയുടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് താരം. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് നടി നന്ദി അറിയിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. കൈറയ്ക്ക് പിന്നിലെ കഷ്ടപാടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
” പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് കൈറ എൻ്റെ അടുത്ത് വരുന്നത്. അതിനാൽ തന്നെ ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഞാൻ ആവേശഭരിതയായിരുന്നു. പക്ഷേ ഇത് എൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അത്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിൻ്റെ ഭാഗമാക്കിയതിന് വൈജയന്തി മൂവീസിനും നന്ദി.
നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു. കാരണം ഈ രണ്ട് വർഷത്തിനിടയിൽ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരായാലും പ്രചോദിതരായിപ്പോകും.
അദ്ദേഹത്തിൻ്റെ ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്ക് വഴിയൊരുക്കിയത്. സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും, കൈറയെന്ന ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്.
ഈ ചിത്രത്തിലെ എല്ലാ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. നിരവധി അത്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് എന്റെ ഒരു സ്വപ്നമാണ്. ഇതോടെ അത് സാക്ഷാത്കരിച്ചു. നിങ്ങൾ കൈറയ്ക്ക് നൽകുന്ന സ്നേഹത്തിന് എല്ലാവർക്കും നന്ദി, അതിന് അർഹനാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ” – അന്ന കുറിച്ചു.
