Actress
ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ
ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. തുടർന്ന് പരസ്യങ്ങളിൽ സജീവമായി. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് സുപരിചിതയാണ്. ടെലിവിഷൻ ഷോ ആങ്കറിംഗ്, മോഡലിംഗ് എന്നീ രംഗങ്ങളിൽ നിന്നാണ് അഞ്ജലി സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ദൃശ്യം 2വിലും ശ്രദ്ധേയ വേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു. അമ്മയുടെ വഴിയെ മൂത്തമകൾ ആവണിയും സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്.
അജയന്റെ രണ്ടാം മോഷണം, ഫീനിക്സ് തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ആവണി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു. ഏറ്റവും അവസാനം ആവണി അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ സൂര്യ നായകനായ റെട്രോയായിരുന്നു. നായിക പൂജ ഹെഗ്ഡെയുടെ ബാല്യകാലമായിരുന്നു ആവണി അവതരിപ്പിച്ചത്. സിനിമയുടെ പ്രമോഷനായി കേരളത്തിൽ റെട്രോ ടീം എത്തിയപ്പോൾ ആവണിക്ക് സെറ്റിൽവെച്ചുണ്ടായ ഒരു അപകടത്തെ കുറിച്ച് നടൻ സൂര്യ സ്റ്റേജിൽ വെച്ച് പറഞ്ഞപ്പോഴാണ് പ്രേക്ഷകരും അപകടത്തെ കുറിച്ച് അറിയുന്നത്.
എന്നാൽ അതിന്റെ തീവ്രത എത്രത്തോളം വലുതായിരുന്നുവെന്ന് പ്രേക്ഷകർ അറിയുന്നത് അപകടം സംഭവിച്ച സമയത്തെ ആവണിയുടെ വീഡിയോ അഞ്ജലി നായർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ്. തീയുടെ ചൂടേറ്റ് പൊള്ളിയ ആവണിയുടെ കയ്യിൽ കുമിളകൾ വന്ന അവസ്ഥയെ കുറിച്ചാണ് അഞ്ജലി വീഡിയോയിൽ പറയുന്നത്. ആവണിയുടെ കയ്യിൽ മാത്രമല്ല കണ്ണിനും ചെവിയിലും പൊള്ളലേറ്റിരുന്നു. കാശിയിൽ ചിത കത്തുന്ന സീൻ ചിത്രീകരിക്കുന്നതിനിടെയാണ് ആവണിക്ക് പൊള്ളലേറ്റത്.
ചിത കത്തിക്കുന്ന സീനിൽ ആവണിയുമുണ്ട്. ചിത്രീകരണത്തിനിടെ വല്ലാതെ കാറ്റടിച്ചപ്പോൾ ചിതയിലെ തീ ആവണിയുടെ ദേഹത്തേക്ക് അടിച്ചു. പെട്ടെന്നായതുകൊണ്ട് സെറ്റിൽ ഉള്ളവർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി.
സുഹൃത്തുക്കളെ… തിരുവനന്തപുരത്ത് നടന്ന റെട്രോ സിനിമയുടെ പ്രമോഷൻ ചടങ്ങിന്റെ വീഡിയോ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. നടൻ സൂര്യ സാർ ആവണിയെ വേദിയിലേക്ക് ക്ഷണിച്ച് അവളുടെ കൈകൾ പിടിച്ച് റെട്രോ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ തീപിടുത്ത അപകടത്തെക്കുറിച്ച് വിവരിച്ചിരുന്നു.
ആവണിയെ അനുഗ്രഹിച്ചതിനും നൽകിയ പിന്തുണയ്ക്കും കരുതലിനും സ്നേഹത്തിനും നന്ദി സൂര്യ സാറിന് നന്ദി അറിയിക്കുന്നു. കഠിനമായ വേദന അനുഭവിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും സമർപ്പണവും കണ്ട് ഞങ്ങളുടെ കുടുംബം ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ, പുരികങ്ങൾ, മുടി, ചെവികൾ, കൈ എന്നിവയിലേക്കാണ് തീ അടിച്ചത്.
അപകടശേഷം സംവിധായകനും സംഘവും ആവണിയോട് വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചപ്പോഴും ആവണി അതിന് തയ്യാറായില്ല. ഇടവേള എടുത്ത് ധൈര്യപൂർവ്വം ഒരു മണിക്കൂറിനുശേഷം തിരികെ എത്തി തന്റെ രംഗങ്ങൾ പൂർത്തിയാക്കാൻ ആവണി സഹകരിച്ചു. അത് എനിക്ക് സന്തോഷം പകർന്നു. ആവണിയുടെ അമ്മ എന്ന നിലയിൽ ഇങ്ങനൊരു മകളെ ലഭിച്ചതിൽ ഭാഗ്യമായി കരുതുന്നു.
ഒരു നടി എന്ന നിലയിൽ അവളുടെ ശക്തിയെയും സഹിഷ്ണുതയെയും ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കണ്ണാ.. മാത്രമല്ല നമ്മുടെ ഇതിഹാസ നടൻ മമ്മുക്കയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും കുഞ്ഞിന്റെ പൊള്ളൽ സുഖപ്പെടുത്തുന്നതിന് ഞങ്ങൾക്ക് ഒരു ഡോക്ടറെ നിർദ്ദേശിച്ച് തന്നിരുന്നു.
വളരെ നന്ദി… ഒരിക്കൽ കൂടി ഫുൾ റെട്രോ ടീമിനും കാർത്തിക് സാറിനും നന്ദി എന്നാണ് മകൾക്കുണ്ടായ അപകടത്തെ കുറിച്ച് വിവരിച്ച് അഞ്ജലി കുറിച്ചത്. അഞ്ജലിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആവണി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയാണ് ആവണിയുടെ പിതാവ്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അഞ്ജലിക്കാണ്. വിവാഹമോചന ശേഷം അഞ്ജലി അജിത്ത് രാജു എന്നയാളെ വിവാഹം കഴിച്ചു. ഇതിൽ ഒരു പെൺകുട്ടിയുണ്ട്.
അടുത്തിടെ, ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. തമിഴ് സിനിമയിൽ അഭിനയിച്ച സമയത്ത് ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ പറ്റിയാണ് നടി പറഞ്ഞത്. അന്ന് പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.
2009 ൽ തമിഴിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടൻ എന്നോട് പ്രണയാഭ്യർഥന നടത്തി. ആ സിനിമയുടെ സഹനിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഷൂട്ട് ഇല്ലെങ്കിൽ പോലും സെറ്റിൽ വരാനും ബാക്കി കാര്യങ്ങളിൽ ഇടപെടാനുമൊക്കെ പുള്ളിയ്ക്ക് സ്വതന്ത്ര്യമുണ്ടായിരുന്നു. എന്റെ ചേച്ചി നടിയാണ്. അവർ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അതുപോലെ അഞ്ജലിയ്ക്കും എന്റെ പ്രണയം സ്വീകരിച്ചാൽ എന്താണെന്നാണ് പുള്ളി ചോദിച്ചത്.
അദ്ദേഹത്തിന്റെ ജെനുവിനായിട്ടുള്ള ചോദ്യം അങ്ങനെയായിരുന്നു. പക്ഷേ എനിക്ക് അങ്ങോട്ട് കല്യാണം കഴിച്ച് പോകാൻ തീരെ താൽപര്യം ഇല്ലാത്തത് കൊണ്ടാണ് അത് നിരസിച്ചത്. നാട്ടിൽ അച്ഛനോടും അമ്മയോടും കൂടെ ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. സിനിമയ്ക്ക് വേണ്ടി ചെന്നൈയിലേക്ക് പോയി എന്നല്ലാതെ ആ രീതികളോട് ഒട്ടും പൊരുത്തപ്പെടാൻ എനിക്ക് സാധിക്കുകയില്ലെന്നാണ് അഞ്ജലി പറയുന്നത്.
പക്ഷേ അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. ഞാൻ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ വരിക, എന്നിട്ട് ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ മണിക്കൂറുകളോളം എന്നെയും നോക്കി അവിടെ ഇരിക്കും. പിന്നെ ഞാൻ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ച് മനസിലാക്കി അവിടെ എത്തും. ട്രെയിനിൽ കൂടെ കയറി തള്ളിയിടാൻ നോക്കി. ബാഗ് എടുത്തോണ്ട് ഓടും. ഒടുവിൽ ഇദ്ദേഹത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പോലീസ് പ്രൊട്ടക്ഷൻ വരെ ചോദിക്കേണ്ട അവസ്ഥയിലേയ്ക്ക് താനെത്തി.
ട്രെയിനിൽ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്നാണ് പറഞ്ഞത്. അങ്ങനെ പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് ഞാൻ അങ്ങോട്ട് പോയി. അയാൾ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു. വീട്ടിൽ എത്തിയപ്പോൾ സിനിമയുടെ പോസ്റ്റർ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിൻ ഡോർ കയറിയതും പുള്ളിക്കാരി പുറത്ത് നിന്ന് ഡോർ ലോക്ക് ആക്കി. നോക്കുമ്പോൾ അകത്ത് ആ വില്ലൻ നിൽക്കുകയാണ്.
ആദ്യം പുള്ളി കൈയ്യിൽ കരുതിയ വടി കൊണ്ട് എന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യിൽ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീർന്നെന്ന് കരുതി. മരിച്ച് പോകുമെന്ന് തന്നെ കരുതി. അമ്മയും സിനിമയുടെ ബാക്കി പ്രവർത്തകരും പുറത്ത് നിൽപ്പുണ്ടെങ്കിലും ഒച്ച വെക്കാൻ തന്നെ പേടിയായി. ഇനിയുള്ള സിനിമകളിൽ ഞാൻ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളിൽ ഒപ്പ് ഇടിച്ചു, ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോൺ കൈയ്യിൽ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് താൻ രക്ഷപ്പെട്ടതെന്നാണ് അഞ്ജലി പറയുന്നത്.
അതേസമയം, സിനിമയുടെ തുടക്കത്തിൽ അഞ്ജലിയെ കാണിച്ച് കൊണ്ട് തുടങ്ങിയാൽ അത് സൂപ്പർഹിറ്റാവുമെന്ന തരത്തിലൊരു പ്രചരണം ഉണ്ടായതായിട്ടാണ് നടി പറയുന്നത്. അത്തരത്തിൽ ഇറങ്ങിയ സിനിമകൾ ഹിറ്റായതോടെ അത് തനിക്കുമൊരു ബാധ്യതയായെന്നും അഞ്ജലി പറയുന്നു. ഇതിനിടെ അവാർഡുകൾ ലഭിച്ചതോടെ തനിക്ക് പല നല്ല അവസരങ്ങളും നഷ്ടപ്പെടാൻ തുടങ്ങിയെന്നും നടി പറയുന്നു.
അവാർഡ് കിട്ടിയ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന സിനിമയൊന്നുമല്ലിതെന്ന് പറഞ്ഞ് ചില സിനിമകളിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടു. നിങ്ങളെ പോലൊരാൾക്ക് ഇങ്ങനെ അവാർഡൊക്കെ കിട്ടിയതിന് ശേഷം ചെയ്യാൻ പറ്റുന്നൊരു വേഷമല്ലെന്നാണ് ഒരു സംവിധായകൻ പറഞ്ഞത്. ഇതോടെ അലമാരയിലിരിക്കുന്ന അവാർഡ് എന്നെ തേടി എന്തിനാണ് വന്നതെന്ന് ചിന്തിച്ച് പോയെന്നും നടി സൂചിപ്പിച്ചു.
തനിക്ക് വരുന്ന കഥാപാത്രങ്ങൾ എല്ലാം ചെയ്യും. ഇന്നത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ചിലതൊക്കെ ചെയ്യാനാകാതെ പോയത് ചിലപ്പോൾ ഡേറ്റ് പ്രശ്‌നം മൂലമായിരുന്നു, കൂടാതെ എക്‌സോപ്‌സ് ചെയ്യുന്ന കോസ്റ്റ്യമോ വളരെ ബോൾഡ് സീനുകളോ വന്നതു മൂലമൊക്കെ ആയിരുന്നു. എന്ന തേടി വന്നതോക്കെ പലതും ചെയ്തു. വല്യ പടത്തിന്റെ ഭാഗമാകാനുള്ള ഭാഗ്യം ഇതുവരെ വന്നിരുന്നില്ല, ദൃശ്യം 2 എല്ലാ കുറവുകളും വീട്ടി.
ദിലീപേട്ടൻ, മഞ്ജുവേച്ചി, ലാലേട്ടൻ, പൃഥ്വിരാജ്, ദുൽഖർ അങ്ങനെ നിരവധിപേരുടെ അമ്മവേഷങ്ങളിൽ ഫ്‌ലാഷ് ബാക്ക് സീനുകളിൽ വന്നിട്ടുണ്ട്. കൂടാതെ സഹോദരി വേഷങ്ങളിലും കോളേജ് കുമാരിയായും അധ്യാപികയായും ജഡ്ജിയായും കളക്ടറായുമൊക്കെ അഭിനയിച്ചിട്ടുമുണ്ട്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
‘അഞ്ചു സുന്ദരികളി’ലെ സേതുലക്ഷ്മിയിൽ അഭിനയിക്കാൻ അഞ്ജലി നായർ എത്തിയത് മകൾ ആവണിയെയും കൊണ്ടായിരുന്നു. അന്ന് അവൾക്ക് വെറും എട്ടു മാസമാണ് പ്രായം. ഒരു കുഞ്ഞുരംഗത്തിൽ തൊട്ടിലിൽ കിടന്നു കളിക്കുന്ന വാവയായി ആവണിയും അഭിനയിച്ചു. അതായിരുന്നു ആവണിയുടെ അരങ്ങേറ്റ ചിത്രം. അന്ന് തൊട്ടിലിൽ കിടന്നു കളിച്ച ആ കൈക്കുഞ്ഞാണ് ‘ഫീനിക്സി’ലെ ക്ലൈമാക്സ് രംഗത്തിൽ പ്രേക്ഷകരെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിയത്.
ഫീനിക്സിലെ അഭിനയത്തിന് രണ്ടു പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചു. തിലകൻ സ്മാരക പുരസ്കാരവും പ്രൈഡ് ഓഫ് കേരള അവാർഡും ആണ് കിട്ടിയത്. ആദ്യമൊക്കെ തമിഴിൽ നിന്ന് ആവണിക്ക് ഓഫർ വരുമ്പോൾ ഞാൻ അവളെ നിരുൽസാഹപ്പെടുത്തും. അതു വേണോ? വിചാരിച്ച പോലെ ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സമ്മർദ്ദമാകുമെന്നൊക്കെ ഞാൻ പറയാറുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അറിയാം, അവൾക്ക് ഏതു കഥാപാത്രവും ചെയ്യാൻ പറ്റുമെന്ന്! അതുകൊണ്ട് ടെൻഷനില്ലെന്നുമാണ് അഞ്ജലി പറഞ്ഞിരുന്നത്.
