പരസ്‌പരം നന്നായി മനസിലാക്കിയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്; ജീവിതം മനോഹരമായി പോകുന്നു ; അഞ്ജലി നായർ
നടിയും മോഡലുമായ അഞ്ജലി നായര്‍ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായണ് . നിരവധി സിനിമകളിൽ സഹനടി വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അഞ്ജലി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്, ദൃശ്യം 2 വിലൂടെയാണ്. അതിന് പുറമെ അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, കാവൽ, അണ്ണാത്തെ, ആറാട്ട് തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ അഞ്ജലി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് നടി. 125 ഓളം സിനിമകളിൽ അഭിനയിച്ച അഞ്ജലിക്ക് ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജലി സിനിമയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നായികയാവുന്നത്.
പരസ്യ ചിത്ര സംവിധായകനും മലയാളം തമിഴ് സിനിമകളിൽ സഹസംവിധായകനുമായ അജിത് രാജു ആണ് അഞ്ജലിയുടെ ഭർത്താവ്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ജൂലൈയിൽ ഇവർക്ക് ആദ്വിക എന്നൊരു മകളും ജനിച്ചിരുന്നു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജലിയും കുടുംബവും. ജീവിതം വളരെ സന്തോഷകരമായി പോകുന്നുവെന്നാണ് അഞ്ജലി പറയുന്നത്. മകൾ ആദ്വികയ്ക്ക് നാല് മാസമായെന്നും താരം പറഞ്ഞു.മകളെ ഗർഭിണി ആയിരിക്കുമ്പോൾ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു അഞ്ജലി. അന്ന് മുഴുവൻ യാത്രകൾ ആയിരുന്നത് കൊണ്ട് കുഞ്ഞിന് ഇന്ന് യാത്രകളോടാണ് പ്രിയമെന്നും താരം പറയുന്നുണ്ട്. ആദു (ആദ്വിക) ഒരു ട്രാവൽ ബേബിയാണ്. അവളെ ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ ഏഴ് മാസത്തോളം യാത്രകളിൽ ആയിരുന്നു. പഴനി, മധുരൈ ഒക്കെ ഷൂട്ടിനായുള്ള യാത്രകളിൽ ആയിരുന്നു. അതുകൊണ്ട് അവൾ ഇപ്പോൾ കരഞ്ഞാൽ ഒന്ന് കാറിൽ കയറ്റിയാൽ മതി. അത് മാറുമെന്നും അഞ്ജലി പറഞ്ഞു.
അജിത്തുമായുള്ള സിങ്കും മനോഹരമായാണ് പോകുന്നത്. ഞങ്ങളുടെ യൂട്യൂബ് വീഡിയോകളും റീലുകളും ഒക്കെ കണ്ട് ഒരുപാട് പേർ നല്ല കെമിസ്ട്രിയാണെന്ന് പറയുമ്പോൾ സന്തോഷമാണ്. ഞങ്ങളുടെ നാല് പേരുടെയും പേരിലാണ് യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ഒരുപാട് പേർ മെസേജ് അയക്കാറുണ്ട്. അങ്ങനെയുള്ള മെസ്സേജുകൾ കാണുമ്പോൾ തങ്ങളും ഹാപ്പിയാണെന്ന് അഞ്ജലി പറയുന്നുണ്ട്.
യൂട്യൂബ് ചാനൽ തങ്ങളുടെ ജീവിതം ആളുകൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ പങ്കുവയ്ക്കാനുള്ളത് ആണെന്നും അഞ്ജലി പറയുന്നുണ്ട്. ചാനൽ തുടങ്ങുമ്പോഴുള്ള ചിന്ത മക്കൾ വലുതാവുമ്പോൾ അവർക്ക് ഇതെല്ലാം കാണാമല്ലോ എന്നായിരുന്നു. അത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന്റെ സന്തോഷവും അഞ്ജലി പങ്കുവച്ചു.
അതേസമയം, അഞ്ജലിയിൽ ഏറ്റവും ആകർഷിച്ചത് എന്താണെന്ന ചോദ്യത്തിന് ക്യാരക്ടർ ആണെന്ന് അജിത് പറയുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നാൽ നല്ല ക്യാരക്ടർ ആണ്. ആരെയെങ്കിലും പറ്റിക്കണമെന്നോ ചതിക്കണമെന്നോ ചിന്തിക്കാത്ത വ്യക്തിയാണ്. അതാണ് ഏറ്റവും പ്രധാനം. അതുപോലെ എല്ലാവരെയും സഹായിക്കണമെന്ന് ഉള്ള വ്യക്‌തിയാണ്.
സഹായിച്ചിട്ട് ഒരുപാട് പണികൾ കിട്ടിയിട്ടുണ്ടെന്ന് അഞ്ജലി പറയുന്നുണ്ട്. അജിത് ആദ്യമായി ഉപദേശിച്ചത് ആ ഒരു കാര്യത്തിലാണ്. അതുകൊണ്ട് ഇപ്പോൾ ശ്രദ്ധിക്കാറുണ്ടെന്ന് നടി പറഞ്ഞു. അജിത് മൂത്തമകൾ ആയിട്ട് നല്ല കൂട്ടാണെന്നും അഞ്ജലി പറയുന്നുണ്ട്. കുറെ സമയമെടുത്ത് പരസ്‌പരം നന്നായി മനസിലാക്കിയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആഫ്രിക്കയിൽ കോവിഡ് കാലത്ത് മൂന്ന് മാസം കുടുങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു അപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞെന്നും അഞ്ജലി പറഞ്ഞു.വീട്ടിലെ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ഭർത്താവാണ് അജിതെന്നും അഞ്ജലി പറയുന്നുണ്ട്. താൻ ചെയ്യാൻ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. കുട്ടിയെ നോക്കുന്നത് ആണെങ്കിലും, അടിച്ചു വരുന്നത് ആണെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചെയ്യും. ചിട്ടി റോബോട്ടിനെ വേഗം എല്ലാം തീർക്കാൻ താൻ പറയാറുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്. കുഞ്ഞു വെളുപ്പിന് ഒക്കെയാവും ഉറങ്ങുന്നത്. അപ്പോഴാണ് അഞ്ജലി ഉറങ്ങുക അങ്ങനെയാവുമ്പോൾ രാവിലെ എഴുന്നേറ്റ് പണി ചെയ്യുക ബുദ്ധിമുട്ടല്ലേ അതുകൊണ്ട് താൻ എല്ലാം ചെയ്യുമെന്ന് അജിതും പറയുന്നുണ്ട്.