രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മന്‍ജോത് സിംഗ്. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2019ലേതാണ് വീഡിയോ. ആത്മഹത്യക്ക് ശ്രമിച്ച ഒരു യുവതി അതിസാഹസികമായി ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്ന സംഭവമാണ് വൈറല്‍ വീഡിയോയുടെ ആധാരം.
ഗ്രേറ്റര്‍ നോയിഡയിലെ ശാരദ യൂണിവേഴ്‌സിറ്റിയില്‍ മന്‍ജോത് ബിടെക്കിന് പഠിച്ചിരുന്ന സമയത്തെ വീഡിയോയാണിത്. 18കാരിയുടെ ജീവനാണ് താരം രക്ഷിച്ചത്. ഷര്‍ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി അമ്മയോട് വഴക്കിട്ട് രണ്ടാം നിലയില്‍ നിന്ന് ചാടുമെന്ന് ഭീ ഷണിമുഴക്കി സണ്‍ഷെയ്ഡില്‍ ഇറങ്ങി നിന്നു.
പാഞ്ഞെത്തിയ മന്‍ജോത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുവതിയുടെ കൈയില്‍ പിടുത്തമിട്ട് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. അപ്പോഴേക്കും മറ്റുള്ളവരും സഹായത്തിനെത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ മന്‍ജോതിനെ ഡല്‍ഹിയിലെ സിക്ക് സമുദായം ആദരിച്ചിരുന്നു.സിവില്‍ സര്‍വീസിന് തയാറെടുത്തിരുന്ന മന്‍ജോതിന്റെ ചെലവുകള്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആനിമലില്‍ രണ്‍ബീര്‍ കപൂറിന്റെ കസിന്റെ റോളിലാണ് താരം എത്തിയത്. വലിയ പ്രശംസയും നേടിയിരുന്നു.