Hollywood
തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍
തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍
ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകളായ ഷിലോ ജോളിപിറ്റ് തന്റെ പേരില്‍ നിന്ന് പിതാവിന്റെ പേരായ ‘പിറ്റ്’ ഒഴിവാക്കാന്‍ അപേക്ഷ നല്‍കി. മെയ് 27 ന് 18ാം ജന്മദിനത്തിലാണ് ഷിലോ പേര് മാറ്റാന്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തത്. ഷിലോയുടെ നിലവിലെ മുഴുവന്‍ പേര് ഷിലോ നോവല്‍ ജോളിപിറ്റ് എന്നാണ്.
ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും ആറ് മക്കളില്‍ മൂന്നാമത്തെ മൂത്തയാളാണ് ഷിലോ. ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും 15 വയസ്സുള്ള മകള്‍ വിവിയന്‍ തന്റെ പേരില്‍ നിന്ന് ‘പിറ്റ്’ ഒഴിവാക്കിയതിന് പിന്നാലെയാണ് ഷിലോയുടെ നീക്കം.
അതേസമയം ദി ഔട്ട്‌സൈഡേര്‍സ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് വിവിയന്‍ പിറ്റ് എന്ന പിതാവിന്റെ പേര് ഒഴിവാക്കിയത്. വിവിയന്‍ ജോളി എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ നവംബറില്‍, ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മൂത്ത മകള്‍ സഹാറ ഒരു കോളേജ് പരിപാടിക്കിടെ തന്റെ പിതാവിന്റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു.
2016ല്‍ ആഞ്ജലീന ജോളിയില്‍ നിന്നും വിവാഹമോചനം നടത്തിയ ബ്രാഡ് പിറ്റ് മക്കളുടെ സംരക്ഷണം പൂര്‍ണ്ണമായും ആഞ്ജലീനയ്ക്ക് വിട്ടുനല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് മക്കളുമായി അകന്നതോടെയാണ് മക്കള്‍ പിതാവിന്റെ പേര് ഉപേക്ഷിക്കാനുള്ള വൈകാരികമായ തീരുമാനം എടുത്തത് എന്നാണ് വിവരം.
അതേ സമയം ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും ദമ്പതികളായിരുന്ന കാലത്ത് ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന നിയമപോരാട്ടം ശക്തമായി നടക്കുന്നതിനിടെയാണ് മക്കള്‍ പിറ്റിന്റെ പേര് മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്.
