സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല,”അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും ; അമല പോൾ
റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഷാജഹാനും പരീക്കുട്ടിയും, മിലി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല പോൾ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ”ടീച്ചർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി
ഹെബ്ബുലി എന്ന ചിത്രത്തിലൂടെയാണ് നടി കന്നട സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി വെബ് സീരീസായ രഞ്ജിഷ് ഹി സാഹിയിലും വിക്ടിം: ഹൂ ഈസ് നെക്സ്റ്റ്? എന്ന തമിഴ് പരമ്പരയിലും അമല പോൾ അഭിനയിച്ചിട്ടുണ്ട്. നീലാത്താമരയിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അമല പോളിന്റെ തുടക്കം. തമിഴിലേയും മലയാളത്തിലേയും നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അമല പോൾ നായികയായി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയ അമല പോൾ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ അച്ചായൻസായിരുന്നു.
ജയറാം അടക്കമുള്ള താരങ്ങൾ അണിനിരന്ന സിനിമ പക്ഷെ വലിയ വിജയമായില്ല.ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് ടീച്ചർ എന്ന സിനിമയിലൂടെ. അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ടീച്ചർ. ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസാണ് ടീച്ചർ പ്രദർശനത്തിനെത്തിച്ചത്.
ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കളായി ടീച്ചറിലെത്തിയത്.
സിനിമയുടെ പ്രമോഷനും അമല പോൾ സജീവമായിരുന്നു. ഇപ്പോഴിത സിനിമ പ്രമോഷനെ കുറിച്ച് അമല പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ പ്രമോഷൻ ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് അമല പോൾ വ്യക്തമാക്കിയത്.
‘നമ്മള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞിട്ട് അടുത്ത സിനിമയിലേക്ക് പോകുകയാണ്. നമ്മള്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ വളരെ കമ്മിറ്റഡാണ്. അപ്പോള്‍ വേറൊരു ലോകത്തിലാണ് നമ്മള്‍.’
‘ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഫാമിലിയിലുള്ളവരുമായി പോലും കോണ്‍ടാക്ട് വെക്കില്ല. ഞാന്‍ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവും. ആ ഒരു ഫേസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും വീണ്ടും വരിക എന്നൊക്കെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഒരു ആക്ടറാണ്. ഏറ്റവും ഒടുവില്‍ എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല എന്നാണ് ഞാന്‍ കരുതുന്നത്.’
‘പ്രൊമോഷന്‍ നടത്താന്‍ മാര്‍ക്കറ്റിങ് ടീമുണ്ട്, പി.ആര്‍.ഒ ഉണ്ട് പിന്നെ എന്തിനാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഉയര്‍ച്ചക്ക് നമ്മളും വര്‍ക്ക് ചെയ്യണം അത് സത്യമാണ്. എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ട്.’
‘ഓടിനടന്ന് ഇങ്ങനെ പ്രൊമോഷന്‍ ചെയ്യുന്നതില്‍ ഞാന്‍ ഒട്ടും തന്നെ കംഫര്‍ട്ടബിളല്ല. നിങ്ങള്‍ കാന്താര സിനിമ തന്നെ എടുത്ത് നോക്കൂ… ഒരു പ്രൊമോഷനും അവര്‍ നടത്തിയിരുന്നില്ല. പക്ഷെ അവസാനം സിനിമ വലിയ വിജയമായിരുന്നല്ലോ. സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല.”അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും. അത് നമ്മള്‍ പലതവണയായി തിരിച്ചറിഞ്ഞ കാര്യമാണ്. ഒരു സിനിമ നല്ലതല്ലെങ്കില്‍ നിങ്ങള്‍ എത്ര പ്രൊമോട്ട് ചെയ്താലും അത് വിജയിക്കില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ മാത്രം പ്രൊമോട്ട് ചെയ്ത് സിനിമ വിജയപ്പിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല’ അമല പോള്‍ പറഞ്ഞു. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലും അമല പോൾ അഭിനയിക്കുന്നുണ്ട്.
