Malayalam
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കും തിരക്കും; ഗുരുതരാവസ്ഥയിലായ ഒമ്പത് വയസ്സുകാരനെ ആശുപത്രിയിലെത്തി സന്ദർശിച്ച് അല്ലു അർജുൻ
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കും തിരക്കും; ഗുരുതരാവസ്ഥയിലായ ഒമ്പത് വയസ്സുകാരനെ ആശുപത്രിയിലെത്തി സന്ദർശിച്ച് അല്ലു അർജുൻ
അല്ലു അർജുന്റെ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം വാർത്തയായിരുന്നു. ഇത് സംബന്ധിച്ച് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരൻ മകൻ ശ്രീതേജിനെ സന്ദർശിച്ചിരിക്കുകയാണ് നടൻ അല്ലു അർജുൻ.
നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സന്ദർശനം. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് നരഹത്യാ കേസിൽ അല്ലു അർജുന് ജാമ്യം അനുവദിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ സന്ദർശിച്ചത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അല്ലുവിന്റെ സന്ദർശനം.
തെലങ്കാന സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്‌ഡിസി) ചെയർമാൻ ദിൽ രാജുവും ഒപ്പമുണ്ടായിരുന്നു. നടൻ എത്തുന്നതിനു മുന്നോടിയായി ആശുപത്രിയിൽ വൻ സുരക്ഷ ക്രമീകരിച്ചിരുന്നു. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്.
തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു.
