News
പുഷ്പ2 വിന്റെ വിജയത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ സുകുമാർ; ആരാധകരെ ഞെട്ടിച്ച് വാക്കുകൾ
പുഷ്പ2 വിന്റെ വിജയത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ സുകുമാർ; ആരാധകരെ ഞെട്ടിച്ച് വാക്കുകൾ
അല്ലു അർജുന്റേതായി പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ2. ഇതിനോടകം തന്നെ 1500 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുകുമാർ.
ഗെയിം ചേഞ്ചർ എന്ന രാംചരൺ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് സുകുമാർ ഇതേ കുറിച്ച് പറഞ്ഞത്. ചടങ്ങിനിടെ ഏത് കാര്യത്തിൽ നിന്നും വിട്ടുനിൽക്കാനാണ് താങ്കൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തോടാണ് സുകുമാർ പ്രതികരിച്ചത്. സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സുകുമാർ പറഞ്ഞത്.
ഉടൻ തന്നെ രാം ചരൺ സുകുമാറിൽ നിന്ന് മൈക്ക് വാങ്ങി, നിങ്ങൾ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായി മാറുന്നത്. പിന്നാലെ നിരവധി പേരാണ് സുകുമാർ ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. പുഷ്പ-3 ചെയ്യുന്നതിന് മുമ്പ് സിനിമ വിട്ടുപോകരുതെന്നും പലരും അഭ്യർത്ഥിക്കുന്നുണ്ട്.
അതേസമയം, പുഷ്പ -2 ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യങ്ങൾക്കൊന്നും അല്ലു അർജുൻ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയുന്നത്.
ഡിസംബർ നാലിന് സന്ധ്യ തീയേറ്ററിൽ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററിൽ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു. തുടർന്ന് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
